ആഘോഷമില്ലാതെ പാലാരിവട്ടം ഫ്ലൈഓവർ തുറന്നു
കൊച്ചി: പുതുക്കിപ്പണിത പാലാരിവട്ടം ഫ്ലൈഓവർ ആഘോഷങ്ങളൊന്നുമില്ലാതെ ജനങ്ങൾക്കായി വീണ്ടും തുറന്നുകൊടുത്തു. വാഹനങ്ങൾ കടത്തിവിടുന്നതിന് മുന്നേ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ ഫ്ലൈഓവർ നടന്ന് സന്ദർശിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ഡി.എം.ആർ.സി ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു. തുടർന്ന് മന്ത്രി ഔദ്യോഗിക വാഹനത്തിൽ ഇടപ്പള്ളി ഭാഗത്തുനിന്ന് വൈറ്രിലയിലേക്ക് ഫ്ളൈഓവറിലൂടെ യാത്രചെയ്തു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ 3.45ഓടെ ദേശീയപാത വിഭാഗം ചീഫ് എൻജിനിയർ എം. അശോക്‌കുമാറാണ് പാലം തുറന്നുനൽകിയത്.
ഒന്നരവർഷത്തിലേറെയായി അടഞ്ഞുകിടന്ന ഫ്ലൈഓവർ വീണ്ടും തുറന്നത് ജനങ്ങളും ആഘോഷമാക്കി. ആർപ്പുവിളിച്ചും സർക്കാരിനെ അഭിനന്ദിച്ച് കൊടികൾ വീശിയും വാഹനങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി ഫ്ലൈഓവറിലൂടെ കുതിച്ചു. ഫ്ലൈഓവർ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കിയ സർക്കാരിന് അഭിവ്യാദ്യം അർപ്പിച്ച് സി.പി.എം പ്രവർത്തകരും ഡി.എം.ആർ.സി മുൻ ഉപദേഷ്ടാവ് ഇ. ശ്രീധരന് അഭിവാദ്യവുമായി ബി.ജെ.പി പ്രവർത്തകരും ഫ്ലൈഓവറിലൂടെ പ്രകടനം നടത്തി. ആദ്യയാത്രയ്ക്കായി നിരവധിപേരെത്തിയതോടെ ഗതാഗതക്കുരുക്കൊഴിവാക്കാൻ പൊലീസിന് ഇടപെടേണ്ടിവന്നു.
2020 സെപ്തംബർ അവസാനം തുടങ്ങിയ ഫ്ലൈഓവർ പുനർനിർമ്മാണം റെക്കാഡ് വേഗത്തിലാണ് പൂർത്തിയായത്.
2016 ഒക്ടോബർ 12ന് പാലാരിവട്ടം ഫ്ലൈഓവർ ഉദ്ഘാടനം ചെയ്തെങ്കിലും ആറുമാസംകൊണ്ടുതന്നെ കേടുപാടുകൾ കണ്ടെത്തി 2019 മേയ് ഒന്നിന് അറ്റകുറ്റപ്പണിക്കായി അടയ്ക്കുകയായിരുന്നു. തുടർന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പറഞ്ഞിരുന്നതിലും നേരത്തെ പുനർനിർമാണം പൂർത്തിയാക്കിയത്. ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡി.എം.ആർ.സിക്കായിരുന്നു മേൽനോട്ട ചുമതല. ഫ്ലൈഓവർ തുറന്നുകൊടുത്തതിന് പിന്നാലെ തൊഴിലാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു. വിപ്ലവകവിയായ ബർതോൾഡ് ബ്രെഹ്‌ത്തിന്റെ കവിതാഭാഗങ്ങൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി തൊഴിലാളികളെ പ്രശംസിച്ചത്. പ്രശംസയിൽ ഇ.ശ്രീധരന്റെ പേരില്ലെന്നതും ശ്രദ്ധേയമാണ്.
''പാലാരിവട്ടം ഫ്ലൈഓവറിനുണ്ടായതുപോലെ ഒരു സംഭവം ഇനി കേരളത്തിൽ ആവർത്തിക്കാൻ പാടില്ല. മാഫിയാസംഘം പ്രവർത്തിച്ചതാണ് പുനർനിർമാണം വൈകിപ്പിച്ചത്.'' ജി.സുധാകരൻ,
പൊതുമരാമത്ത് വകുപ്പ് മന്ത്രി