പിണങ്ങിയവരെയെല്ലാം അടുപ്പിച്ചു, നാലു റാലിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയുമെത്തും: കേരളത്തിൽ സർവസജ്ജമായി ബിജെപി

Tuesday 09 March 2021 12:56 PM IST

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് കേരളം സജ്ജമാവുകയാണ്. ഇടതും വലതും മാറി മാറി ഭരിച്ചുവന്ന പരമ്പരാഗത രീതികളിൽ നിന്ന് ബിജെപിയും നിർണായക ശക്തിയായി തീർന്നിരിക്കുകയാണ്. മെട്രോമാൻ ഇ ശ്രീധരൻ മുതൽ നടൻ ദേവൻ വരെ എൻഡിഎയുടെ ഭാഗമായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തതോടെ പിണങ്ങി നിന്ന ഘടക കക്ഷികളെല്ലാം തിരിച്ചെത്തുകയും ചെയ‌്തു.

പിസി തോമസിന്റെ കേരള കോൺഗ്രസും സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയസഭയുമാണ് വീണ്ടും എൻഡിഎയുടെ ഭാഗമായത്. ആദിവാസിമേഖലയിൽ ജാനുവിന്റെ സ്വാധീനമാണ് ബിജെപിയെ ഒരു പുനരാലോചനയ‌്ക്ക് നിർബന്ധിതമാക്കിയത്. ജാനുവിന്റെ മടങ്ങിവരവിന് വഴിയൊരുക്കിയതും ഇതുതന്നെ. സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയ വിജയയാത്രയുടെ സമാപന സമ്മേളനത്തിലാണ് ചലച്ചിത്രനടൻ ദേവൻ, തന്റെ പാർട്ടിയായ കേരള പീപ്പിൾസ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചത്. ഘടക കക്ഷിയായ ബിഡിജെഎസിന്റെ സജീവ പങ്കാളിത്തം താമരയ‌്ക്ക് കൂടുതൽ മിഴിവ് പകരുമെന്നതിൽ സംശയമില്ല.

പ്രചാരണം കൊഴുപ്പിക്കാൻ നരേന്ദ്ര മോദി എത്തും

എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. മാർച്ച് 26നും 31നുമിടയിൽ കേരളം സന്ദർശിക്കുന്ന മോദി നാലുറാലികളിൽ പങ്കെടുക്കുമെന്നാണ് സൂചന. ഇതിലൊന്ന് തിരുവനന്തപുരത്താണ്. കേന്ദ്രമന്ത്രി അമിത്ഷായും വിവിധ ദിവസങ്ങിൽ കേരളത്തിൽ പ്രചാരണത്തിനെത്തും