മോഹൻലാലിനോട് നിങ്ങൾക്ക് എങ്ങനെയാണ് അത് ചെയ്യാൻ കഴിഞ്ഞത് എന്നുള്ള കത്തുകൾ നിരവധി വന്നതോടെ ഞാൻ സംവിധായകനോട് പരാതി പറഞ്ഞു

Tuesday 09 March 2021 5:20 PM IST

മലയാളസിനിമ പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയാണ് വിന്ദുജ മേനോൻ. ടികെ രാജീവ് കുമാർ സംവിധാനം ചെയ‌്ത പവിത്രത്തിലൂടെയാണ് വിന്ദുജ അഭിനയലോകത്ത് എത്തുന്നത്. പവിത്രത്തിലെ മീനാക്ഷിയും ചേട്ടച്ചനും പ്രേക്ഷകർക്ക് ഇന്നും നൊമ്പരമാണ്. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഏറെ നാളത്തെ ഇടവേളയ‌്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാവുകയാണ് താരം.

'എത്രകൊല്ലം കഴിഞ്ഞാലും ഔട്ട്ഡേറ്റഡ് ആകാത്ത സിനിമയാണ് പവിത്രം. രാജീവേട്ടൻ (സംവിധായകൻ ടികെ രാജീവ് കുമാർ) എനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്നിരുന്നു. മലയാള സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും പ്രഗത്ഭരായ കലാകാരന്മായിരുന്നു ആ സിനിമ നിറച്ച്. ഞാൻ മാത്രമായിരുന്നു പുതുതായിട്ടുള്ള ആള്. പക്ഷേ ധൈര്യം തന്നത് ഡാൻസ് ആണ്.

ചേട്ടച്ചനോട് (മോഹൻലാൽ) വഴക്കു കൂടിയതിനാണ് ഞാൻ ഏറ്റവും കൂടുതൽ വിമർശനം കേട്ടത്. അന്ന് ആ പ്രായത്തിൽ മോഹൻലാൽ എന്ന വ്യക്തി ആരാണെന്നൊന്നും അറിയില്ലല്ലോ? മോഹൻലാലിനെ എങ്ങനെയാണ് ചീത്തപറയാൻ പറ്റിയത് എന്നുപറഞ്ഞ് എനിക്ക് നിരവധി കത്തുകൾ വന്നിരുന്നു. ഒടുവിൽ സഹിക്കാൻ കഴിയാതെ രാജീവേട്ടനോട് ഞാൻ പരാതി പറഞ്ഞു.

നീ നന്നായിട്ട് ചെയ‌്തതുകൊണ്ടല്ലേ അവരങ്ങനെ പറയുന്നത്, ആ രീതിയിലല്ലേ കാണേണ്ടത് എന്നുപറഞ്ഞ് രാജീവേട്ടൻ ആശ്വസിപ്പിച്ചു. എന്റെ ജീവിതത്തിലെ പവിത്രമായ ഒരു പവിത്രം തന്നെയാണ് 'പവിത്രം'.