'അസുര നിഗ്രഹത്തിനായി മാളികപ്പുറമിറങ്ങി....'; ബിജെപിയുടെ കഴക്കൂട്ടം സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെ കുറിച്ച് സുരേഷ് ഗോപി

Thursday 18 March 2021 6:42 PM IST

തൃശൂർ: നാമനിർദ്ദേശപത്രിക സമർപ്പിച്ച ശേഷം കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെ 'മാളികപ്പുറം' എന്ന് വിശേഷിപ്പിച്ച് നടനും എംപിയും തൃശൂരിലെ പാർട്ടിയുടെ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങിയ ആളാണ് ശോഭാ സുരേന്ദ്രനെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.

എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈകളിലേക്ക് എത്തുമെന്നും 'വൃത്തികെട്ട' രാഷ്ട്രീയക്കാരുടെ കൈകളിലേക്ക് ക്ഷേത്രഭരണം എത്തുകയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ശബരിമലയ്ക്കായി പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രനേതാക്കള്‍ ആരംഭിച്ച് കഴിഞ്ഞുവെന്നും സുരേഷ് ഗോപി പറയുന്നു.

ഹെലികോപ്ടറിൽ എത്തിയാണ് എംപി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഒപ്പം ബൈക്ക് റാലിയും നടന് അകമ്പടിയായി ഉണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഉറപ്പ് പറയാൻ സാധിക്കുകയില്ലെന്ന് നേരത്തെ സുരേഷ് ഗോപി പറഞ്ഞിരുന്നു. ഒരു മണ്ഡലത്തിലും ആർക്കും വിജയിക്കുമെന്ന് ഉറപ്പ് പറയാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.