പിണറായിയെ കേരളത്തിന് വളരെ ആവശ്യമാണ്; വനിതാ മുഖ്യമന്ത്രി എന്നത് സാഹചര്യത്തിന്റെ ആവശ്യകതയനുസരിച്ച് ഉയരേണ്ടതെന്ന് കെ കെ ശൈലജ
പാലക്കാട്: തലശേരിയിൽ ബി ജെ പി സ്ഥാനാർത്ഥിയുടെ പത്രിക തളളിയതിൽ 'കോലീബി' ഗൂഢാലോചന സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പലവട്ടം പരിശോധിച്ചാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതെന്നും അതിൽ ഇത്തരം തെറ്റ് കടന്നു കൂടുന്നതിൽ അസ്വഭാവികതയുണ്ടെന്നും കെ കെ ശൈലജ ആരോപിച്ചു.
ഒരിക്കലും ശരിയാകരുതെന്ന് കരുതി പത്രിക സമർപ്പിച്ചതായി തോന്നുന്നു. മുമ്പും കോൺഗ്രസും ബി ജെ പിയും ഒത്ത് ചേർന്ന് വോട്ട് ചെയ്‌തതായി കേട്ടിട്ടുളള സ്ഥലമാണ് തലശേരിയെന്നും ശൈലജ പറഞ്ഞു. യു ഡി എഫിന്റെ പ്രകടന പത്രിക ഗിമ്മിക്കാണ്. യുഡിഎഫ് ഉളള സമയത്തെ ആശുപത്രികളുടെ സ്ഥിതി എല്ലാവർക്കും അറിയാവുന്നതാണെന്ന് പറഞ്ഞ ആരോഗ്യമന്ത്രി ഇടത് സർക്കാർ ആശുപത്രികളെ രോഗി സൗഹൃദമാക്കിയെന്നും കുടുംബാരോഗ്യ കേന്ദ്രങ്ങളടക്കം ആധുനികവത്കരിച്ചുവെന്നും അവകാശപ്പെട്ടു.
കഴിഞ്ഞ അഞ്ച് വർഷം നയിച്ച പിണറായി, കേരളത്തിന് വളരെ ആവശ്യമാണ്. ഇപ്പോൾ കേരളത്തിൽ മറ്റെന്തെങ്കിലും ഒരാവശ്യത്തിന് പ്രസക്തിയില്ല. സാഹചര്യത്തിന്റെ ആവശ്യകതയ്‌ക്ക് അനുസരിച്ചാണ് വനിതാ മുഖ്യമന്ത്രി എന്ന ആവശ്യം ഉയരേണ്ടത്. പിണറായിയുടെ സർക്കാർ വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും മറ്റൊരു ചോദ്യത്തിന് പ്രസക്തിയില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.