ചിറ്റൂർ കുടുംബത്തിലെ തിരഞ്ഞെടുപ്പ് കാര്യം

Sunday 28 March 2021 1:40 AM IST
ചിറ്റൂർ സി.കെ ഹരിശ്ചന്ദ്രൻ നായർ

പത്തനംതിട്ട : രാഷ്ട്രീയത്തിലെ കുടുംബ വാഴ്ച ഇക്കാലത്ത് വിവാദമാണ്. എന്നാൽ, ഒരു കുടുംബത്തിൽ നിന്ന് നാലുപേർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ചരിത്രം പത്തനംതിട്ടയിലുണ്ട്. കാലം പലതായിരുന്നു എന്ന വ്യത്യാസം മാത്രം.

കോന്നിയിലെ ചിറ്റൂർ കുടുംബത്തിൽ നിന്ന് നിയമസഭയിലേക്ക് നാല് സഹോദരങ്ങളാണ് മത്സരിച്ചത്. രണ്ട് പേർ വിജയിച്ചു. ഒരാൾ പരാജയപ്പെട്ടു. മറ്റൊരാൾ മത്സര രംഗത്ത് നിന്ന് പിൻമാറി.

1952ൽ തിരു-കൊച്ചി നിയമസഭയിലേക്ക് നട‌ന്ന തിരഞ്ഞെടുപ്പിൽ വള്ളിക്കോട് മണ്ഡലത്തിൽ നിന്ന് ചിറ്റൂർ രാജഗോപാലൻ നായർ മത്സരിക്കാൻ നാമനിർദേശ പത്രിക നൽകി പ്രചാരണം തുടങ്ങിയിരുന്നു. എതിർ സ്ഥാനാർത്ഥിയായിരുന്ന മന്നത്ത് പത്മനാഭന്റെ അഭ്യർത്ഥന മാനിച്ച് രാജഗോപാലൻ നായർ മത്സരരംഗത്തു നിന്ന് പിൻമാറി.

1960ലെ രണ്ടാം കേരള നിയമസഭയിലേക്ക് പത്തനംതിട്ട നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ചത് ചിറ്റൂർ സി.കെ.ഹരിശ്ചന്ദ്രൻ നായർ. പി.എസ്.പി സ്ഥാനാർത്ഥിയായിട്ടായിരുന്നു മത്സരിച്ചത്. പട്ടം താണുപിളള മുഖ്യമന്ത്രിയായി. അക്കാലത്ത് പത്തനംതിട്ട ജില്ലയെന്ന ആശയം മുന്നോട്ടു വച്ചത് ഹരിശ്ചന്ദ്രൻ നായരായിരുന്നു. ജില്ല നേടിയെടുത്തത് 1982ൽ എം.എൽ.എ ആയിരുന്ന കെ.കെ.നായരും. ഹരിശ്ചന്ദ്രൻ നായരുടെ നിയമസഭാ പ്രവർത്തനം സംബന്ധിച്ച രേഖകൾ അദ്ദേഹത്തിന്റെ മകൻ ചന്ദ്രമൗലിയുടെ ശേഖരത്തിലുണ്ട്.

1987ൽ കോന്നി നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച എൻ.ഡി.പിയിലെ ചിറ്റൂർ സി.കെ.ശങ്കരൻനായർ, ഹരിശ്ചന്ദ്രൻ നായരുടെ ജ്യേഷ്ഠനാണ്. ദീർഘകാലം വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ശങ്കരൻനായർ. ഇരുവരും വള്ളിക്കോട് ഞാഴപ്പള്ളിൽ ഗോവിന്ദൻ നായരുടെയും ചിറ്റൂർ വീട്ടിൽ ലക്ഷ്മിയമ്മയുടെയും മക്കളാണ്.

1991ൽ ചിറ്റൂർ കുടുംബത്തിൽപ്പെട്ട പ്രൊഫ. സി.പി.രാമചന്ദ്രൻനായർ എൻ.ഡി.പി സ്ഥാനാർത്ഥിയായി കോന്നിയിൽ മത്സരിച്ചു. സി.പി.എമ്മിലെ എ. പത്മകുമറിനോട് പരാജയപ്പെട്ടു.

സഹോദരങ്ങളിൽ ജീവിച്ചിരിക്കുന്നത് പ്രൊഫ. സി.പി.രാമചന്ദ്രൻ നായരാണ്.