ലീഗിന് സ്വാധീനമുളള മണ്ഡലങ്ങളിൽ ബി ജെ പി കച്ചവടം ഉറപ്പിച്ച് കഴിഞ്ഞു; ബി ജെ പി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുളള കരാർ യു ഡി എഫും ഏറ്റെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി
കണ്ണൂർ: സംസ്ഥാനത്ത് കോൺഗ്രസ് ബി ജെ പി ഒത്തുകളിയെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ബി ജെ പി കോൺഗ്രസ് ബന്ധം പൂർവ്വാധികം ശക്തി പ്രാപിക്കുകയാണ്. എൻ ഡി എ സ്ഥാനാർത്ഥികളില്ലാത്ത ഗുരുവായൂരിലും തലശേരിയിലും യു ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനാണ് ബി ജെ പി നീക്കം. പരസ്യമായാണ് സുരേഷ് ഗോപി രഹസ്യം വിളിച്ചു പറഞ്ഞത്. സുരേഷ് ഗോപിയുടെ രീതി വച്ച് അദ്ദേഹത്തിന് ജാഗ്രത പാലിക്കാനായില്ല. ഉളള കാര്യം അദ്ദേഹം തുറന്നുപറയുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞതവണ നേമത്ത് ബി ജെ പിക്ക് ജയിക്കാൻ സാധിച്ചു. തൊട്ടടുത്തുളള മണ്ഡലത്തിൽ ഇതിനുളള സഹായം കോൺഗ്രസിന് ലഭിച്ചിരുന്നു. യു ഡി എഫിനെ സഹായിക്കുക വഴി ആത്യന്തികമായി ബി ജെ പിയ്‌ക്കാണ് ഗുണം കിട്ടുന്നത്. ലീഗിന് സ്വാധീനമുളള മണ്ഡലങ്ങളിൽ ബി ജെ പി കച്ചവടം ഉറപ്പിച്ച് കഴിഞ്ഞു. ബി ജെ പിയെ പല മണ്ഡലങ്ങളിലും വിജയിപ്പിക്കാനുളള കരാർ ലീഗും കോൺഗ്രസും ഏറ്റെടുത്തിട്ടുണ്ട്. പല മണ്ഡലങ്ങളിലും പരസ്‌പരം പ്രത്യുപകാരമുണ്ടാകുമെന്നും പിണറായി ആരോപിച്ചു.
പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ രൂപമാണിത്. യു ഡി എഫും ബി ജെ പിയും പരസ്‌പര ധാരണയിലാണ് ഇതുവരെ കാര്യങ്ങൾ നീക്കിയത്. കേരളത്തിൽ ഇത്തരമൊരു ധാരണ വേണമെന്നും ഒരു രീതിയിലുമുളള അസ്വാരസ്യം തമ്മിൽ ഉണ്ടാകരുതെന്നും നേരത്തെ തന്നെ രണ്ട് നേതൃത്വങ്ങളും തീരുമാനിച്ചിരുന്നു. പൗരത്വ ഭേദഗതിക്കെതിരെ യോജിച്ച് പ്രക്ഷോഭം നടത്താനുളള സർക്കാർ നിർദേശം കോൺഗ്രസും യു ഡി എഫും തളളിയത് ഇതുകൊണ്ടാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനമെന്ന നിലയിൽ കേരളത്തെ സഹായിക്കാൻ പല കാര്യങ്ങളിലും കേന്ദ്രം ശരിയായ നിലപാടല്ല സ്വീകരിച്ചത്. പ്രളയ കാലത്ത് കേന്ദ്ര സഹായം ഉണ്ടാകാതെ ഇരുന്നുപ്പോൾ കമാ എന്ന് ഒരക്ഷരം കോൺഗ്രസോ ലീഗോ മിണ്ടിയില്ല. നമ്മുടെ നാടിനെ സഹായിക്കാൻ പല രാഷ്ട്രങ്ങളും സന്നദ്ധമായി. ആ സന്ദർഭത്തിലും കേന്ദ്രസർക്കാർ പുറം തിരിഞ്ഞ് നിന്നു. അതിനെതിരെ എന്തെങ്കിലും സംസാരിക്കുന്ന ഏതെങ്കിലും പ്രതിപക്ഷ നേതാവിനെ കാണാൻ സാധിച്ചില്ലെന്നും പിണറായി വിമർശിച്ചു.
ഫെഡറൽ സംവിധാനമുളള രാജ്യത്ത് സംസ്ഥാനത്തിന് സഹായം നൽകേണ്ട ബാദ്ധ്യത കേന്ദ്രത്തിനുണ്ട്. കേന്ദ്രത്തിൽ നിന്നുളള പ്രമുഖർ ഇപ്പോൾ സംസ്ഥാനത്ത് വന്ന് കേരളത്തിന് നൽകിയ കാര്യങ്ങൾ വിളിച്ച് പറയുന്നുണ്ട്. നൽകിയ കാര്യങ്ങൾ അപര്യാപ്‌തമാണ്. എൽ ഡി എഫ് സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ നാടും നാട്ടുകാരും തിരിച്ചറിഞ്ഞിട്ടുണ്ട്. ആ പ്രതിഫലനം ഈ തിരഞ്ഞെടുപ്പിലുണ്ടാകും.
വർഗീയ ശക്തികളെ വളർത്താൻ നിന്നാൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലുണ്ടായ ആപത്ത് കേരളത്തിലുണ്ടാകും. ശബരിമല നാട്ടിലൊരു വിഷയമല്ല. അതൊക്കെ പറഞ്ഞു കഴിഞ്ഞതാണ്. പ്രചാരണങ്ങളൊന്നും വിശ്വാസികളെ ബാധിച്ചിട്ടില്ല. ശബരിമല എന്നു പറഞ്ഞുകൊണ്ടിരുന്നാൽ വോട്ട് കിട്ടില്ല. അനുഭവത്തിൽ നിന്ന് പഠിക്കാൻ തയ്യാറാകണം.
കേന്ദ്ര ഏജൻസി പ്രവർത്തിക്കേണ്ടത് നിയമ പ്രകാരമാണ്. എന്നാൽ ഉദ്യോഗസ്ഥർ അതിന് തയ്യാറാകുന്നില്ല. സ്വാഭാവികമായും എല്ലാ കാര്യങ്ങളും പുറത്തുവരേണ്ടതുണ്ട്. ആ കാര്യങ്ങൾ പുറത്തുവരാൻ ജുഡീഷ്യൽ അന്വേഷണം വേണം. അതിൽ ഫെഡറൽ തത്വത്തിന്റെ ലംഘനമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.