നാടിന്റെ കൈയടി ഏറ്റുവാങ്ങി ഐ ലീഗ് ചാമ്പ്യന്മാർ
കോഴിക്കോട്: ഐ ലീഗ് രാജാക്കന്മാരായി സ്വന്തം മണ്ണിൽ തിരിച്ചെത്തിയ ഗോകുലം കേരള എഫ്.സിക്ക് കോഴിക്കോട്ട് രാജകീയ വരവേല്പ്. ഇന്നലെ തുറന്ന വാഹനത്തിൽ കോഴിക്കോട് നഗരം ചുറ്റിയ ടീമംഗങ്ങളെ ആരാധകർ വാരിപ്പുണർന്നു.
ചാമ്പ്യൻസ് ഓഫ് ഇന്ത്യ എന്ന് ആലേഖനം ചെയ്ത തുറന്ന വാഹനത്തിലായിരുന്നു നഗര പ്രദക്ഷിണം.
ഹോം ഗ്രൗണ്ടായ കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് മൈതാനത്ത് നിന്നു ആരംഭിച്ച ട്രോഫി പരേഡ് എൽ.ഐ.സി ജംഗ്ഷൻ, മാനാഞ്ചിറ സ്ക്വയർ, സി.എച്ച്. ഓവർ ബ്രിഡ്‌ജ് എന്നിവടങ്ങളിലൂടെ കോഴിക്കോട് ബീച്ചിലെത്തി.
ഐ ലീഗ് ട്രോഫിയുമായി കോച്ച് വിസെൻസോ ആൽബർട്ടോ അനീസെയുടെയും ക്യാപ്റ്റൻ മുഹമ്മദ് അവാലിന്റെയും നേതൃത്വത്തിലായിരുന്നു പരേഡ്. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനും പരേഡിൽ പങ്കെടുത്തു. തുടർന്ന് ബീച്ചിൽ നടന്ന ചടങ്ങിൽ ഐ ലീഗ് കിരീടം ആദ്യമായി കേരളത്തിലെത്തിച്ച കളിക്കാരെയും കോച്ചിനെയും ആദരിച്ചു. ഗോകുലം ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു.
ഈ കിരീടം കേരളത്തിനുള്ള സമ്മാനമാണെന്ന് അദ്ദേഹം പറഞ്ഞു. താരങ്ങളുടെയും കോച്ചിന്റെയും ആത്മാർത്ഥതയെന്ന പോലെ സമർപ്പണവുമാണ് കിരീട നേട്ടത്തിനു പിന്നിൽ.
ഇനി എ.എഫ്.സി കപ്പ് നേടി രാജ്യത്തെ കൂടി സന്തോഷിപ്പിക്കുകയാണ് ലക്ഷ്യമെന്നും ക്ലബ് പ്രസിഡന്റ് വി.സി പ്രവീൺ പറഞ്ഞു. ജോപോൾ അഞ്ചേരി, എം. സുരേഷ്, സി.ഇ.ഒ അശോക് കുമാർ, ബൈജു ഗോപാലൻ, നസീർ പി.പി, ഷൈജു ദാമോദരൻ, പി.വി. സക്കീർ ഹുസൈൻ, റോയ് ജോൺ, എൻ.പി. പ്രദീപ് തുടങ്ങിയവരും സംബന്ധിച്ചു.
ആരാധകരെ ആനന്ദനൃത്തമാടിക്കാൻ ലൈവ് മ്യൂസിക് പരിപാടിയും അരങ്ങേറി.