പൊന്നിൻ തിളക്കം മായുന്നു; വില ഒരുവർഷത്തെ താഴ്ചയിൽ

Thursday 01 April 2021 3:46 AM IST

കൊച്ചി: വിവാഹ സീസണിൽ ഉപഭോക്താക്കൾക്ക് ആശ്വാസം പകർന്ന് പൊന്നിൻവില കുത്തനെ കുറയുന്നു. ഇന്നലെ പവന് 200 രൂപ താഴ്‌ന്ന് വില ഒരുവർഷത്തെ താഴ്‌ചയായ 32,880 രൂപയിലെത്തി. 25 രൂപ കുറഞ്ഞ് 4,110 രൂപയാണ് ഗ്രാം വില. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം പവന് 640 രൂപയും ഗ്രാമിന് 80 രൂപയും കുറഞ്ഞു.

മാർച്ചിൽ മാത്രം പവന് 1,600 രൂപയും ഗ്രാമിന് 200 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞവർഷം ഏപ്രിൽ 10ന് കുറിച്ച 32,800 രൂപയാണ് പവന്റെ ഇതിനുമുമ്പത്തെ ഏറ്റവും കുറഞ്ഞവില. അതിനുശേഷം, കൊവിഡ് കാലത്ത് സുരക്ഷിത നിക്ഷേപമെന്ന പെരുമ കിട്ടിയ സ്വർണം പുത്തൻ ഉയരത്തിലേക്ക് കുതിച്ചിരുന്നു. കഴിഞ്ഞ ആഗസ്‌റ്റ് ഏഴിന് എക്കാലത്തെയും ഉയരമായ 42,000 രൂപയിലെത്തി പവൻ; അന്ന് 5,250 രൂപയായിരുന്നു ഗ്രാമിന്.

ഇടിവിന് പിന്നിൽ

 ഡോളർ ശക്തമാകുന്നതും കടപ്പത്ര യീൽഡുകളുടെ വർദ്ധനയുമാണ് സ്വർണത്തിന് ക്ഷീണമാകുന്നത്.

 കൊവിഡിൽ ഗോൾഡ് ഇ.ടി.എഫുകളിലേക്കാണ് നിക്ഷേപം വൻതോതിൽ ഒഴുകിയത്. എന്നാൽ, ലോകത്തെ ഏറ്റവും വലിയ ഗോൾഡ് ഇ.ടി.എഫായ എസ്.പി.ഡി.ആർ ഗോൾഡ് ഇ.ടി.എഫിലെ നിക്ഷേപം മാർച്ചിൽ 1,051.78 ടണ്ണിൽ നിന്ന് 1,037.5 ടണ്ണിലേക്ക് ഇടിഞ്ഞു

 ആഗസ്‌റ്റിൽ ഔൺസിന് 2,072 ഡോളറായിരുന്ന രാജ്യാന്തരവില ഇന്നലെയുള്ളത് 1,678 ഡോളർ വരെ താഴ്‌ന്നു.

എന്താണ് നേട്ടം?

 ഇതു മീനമാസം. കല്യാണങ്ങൾ ഉൾപ്പെടെ ഒട്ടേറെ വിശേഷങ്ങൾ നിറയുന്ന മാസം. കല്യാണപ്പാർട്ടികൾക്ക് സ്വർണം വാങ്ങാൻ അനുകൂലമായ സമയമാണിത്.

 വിലയുടെ 10 ശതമാനം മുതൽ മുൻകൂർ നൽകി ആഭരണങ്ങൾ ബുക്ക് ചെയ്യാൻ പ്രമുഖ സ്വർണക്കടകളിൽ അവസരമുണ്ട്. ബുക്ക് ചെയ്‌ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്‌ത്, ഏതാണോ കുറവ് ആ വിലയ്ക്ക് സ്വർണം സ്വന്തമാക്കാം.

₹9,120

കഴിഞ്ഞ ആഗസ്‌റ്റിൽ കുറിച്ച റെക്കാഡ് വിലയായ 42,000 രൂപയിൽ നിന്ന് ഇതുവരെ പവനുണ്ടായ ഇടിവ് 9,120 രൂപ. ഗ്രാമിന് 1,140 രൂപയും കുറഞ്ഞു.