ഒാർക്കുന്നില്ലേ..ആ തിരഞ്ഞെടുപ്പ് കാലം
ആറന്മുള: സമൂഹമാദ്ധ്യമങ്ങളുടെ വലിയ കാൻവാസ് ഇല്ലായിരുന്ന ഒരു തിരഞ്ഞെടുപ്പ് കാലം നമുക്കുണ്ടായിരുന്നു. ചുവരെഴുത്തും കോളാമ്പിയും തോരണങ്ങളും ആർപ്പുവിളികളും കവലകളിലും പുരയിടങ്ങളിലും പൊലിമ തീർത്തിരുന്ന കാലം. ഇന്നും തിരഞ്ഞെടുപ്പിനെ സമൃദ്ധമാക്കുന്ന ഓർമ്മച്ചിത്രങ്ങളാണ് ഇൗ നാളുകളുടേത്.
രാവിലെ മുതൽ പിറ്റേന്ന് വരെ നീളുന്നതായിരുന്നു അന്നത്തെ വോട്ടെണ്ണൽ. അർദ്ധരാത്രി വരെ ലീഡ് ചെയ്ത നേതാവ് രാവിലെ പരാജയപ്പെട്ടതായി കേൾക്കുന്നതും, പരാതി ഉയരുമ്പോഴുള്ള റീ കൗണ്ടിംഗും പിന്നീട് പരാജിതർ വിജയികളാകുമ്പോഴുള്ള ആരവവുമെല്ലാം നാടിളക്കുന്ന കാഴ്ചകളായിരുന്നു. പത്രങ്ങളും റേഡിയോയുമായിരുന്നു അന്നത്തെ വാർത്താ സ്രോതസ്. കൊടിയടയാളം ആർക്കും എവിടെ വേണമെങ്കിലും ആകാമായിരുന്നു ആക്കാലത്ത്. കവുങ്ങ് കീറി അലകാക്കി അതിലായിരുന്നു രാഷ്ട്രീയകക്ഷികൾ കൊടികെട്ടിയിരുന്നത്. സർക്കാർ ഓഫീസുകളുടെ ഭിത്തികൾ വരെ പ്രചരണ ഇടങ്ങളായിരുന്നു. എല്ലാ കവലകളിലും നാലാൾ കാണുന്ന സ്ഥലങ്ങളിലും തോരണങ്ങളും കൊടികളും കെട്ടുന്നവരായിരുന്നു അന്നത്തെ പാർട്ടിക്കാർ. ബാൻഡ്സെറ്റും പാരഡി ഗാനങ്ങളും ഉശിരൻ മുദ്രാവാക്യങ്ങളും അണികൾക്ക് ആവേശം തന്നെയായിരുന്നു.
കോളാമ്പിയായിരുന്നു പ്രചാരണ രംഗത്തെ താരം. കൂടുതലും രാത്രി കാലങ്ങളിലായിരുന്നു കോളാമ്പി ശബ്ദം ഉയർന്നിരുന്നത്.
രാത്രി 10 മണിക്കു ശേഷം അമിത അളവിൽ ശബ്ദം പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് വന്നതോടെ കോളാമ്പികളുടെ ഒച്ചയടഞ്ഞു.
ചിഹ്നങ്ങൾക്കും പറയാനുണ്ട്
പക്ഷികളും മൃഗങ്ങളും വരെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളായിരുന്ന കാലമുണ്ടായിരുന്നു. ചിഹ്നങ്ങളുടെ പേരിൽ അറിയപ്പെട്ടിരുന്ന സ്ഥാനാർത്ഥികളും അന്നുണ്ടായി. ചിഹ്നം വരുന്നതിന് മുൻപ് രാഷ്ടീയ പാർട്ടികൾക്ക് ഓരോ നിറത്തിലുമുള്ള പെട്ടികളായിരുന്നു അടയാളം. വർഷങ്ങൾക്കു ശേഷം പക്ഷിമൃഗാദികൾ ചിഹ്നങ്ങളുടെ കൂട്ടത്തിൽ നിന്ന് അപ്രത്യക്ഷരായി. പ്രചാരണങ്ങളിലും പ്രവർത്തനങ്ങളിലും നിയന്ത്രണങ്ങളും ചിട്ടവട്ടങ്ങളും കൃത്യതയും കൈവന്നത് ടി.എൻ.ശേഷൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റതിന് ശേഷമാണ്.