താരപ്രഭയിൽ പ്രചാരണം
തിരഞ്ഞെടുപ്പ് അങ്കം കൊഴുപ്പിക്കാൻ സിനിമ, സീരിയൽ താരങ്ങൾ
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാറ്റുകൂട്ടാൻ സിനിമാ, സീരിയൽ താരങ്ങളെ രംഗത്തിറക്കി മുന്നണികൾ. കൊല്ലം, ഇരവിപുരം, ചാത്തന്നൂർ, കുണ്ടറ നിയോജക മണ്ഡലങ്ങളിൽ താരങ്ങളെ രംഗത്തിറക്കി അങ്കം കൊഴുപ്പിക്കാനാണ് മുന്നണികളുടെ തീരുമാനം. മറ്റ് മണ്ഡലങ്ങളിലും വരും ദിവസങ്ങളിൽ ചലച്ചിത്ര, ടി.വി താരങ്ങൾ വിവിധ മുന്നണികൾക്ക് വേണ്ടി രംഗത്തെത്തും. കൊല്ലം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി എം. സുനിലിന് വേണ്ടി ഇന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ വൈകിട്ട് ആറിന് ആശ്രാമത്ത് നിന്ന് അഞ്ചാലുംമൂട്ടിലേക്ക് റോഡ് ഷോ നടത്തും. തുടർന്ന് അഞ്ചാലുംമൂട്ടിലെ പൊതുസമ്മേളനത്തിൽ അദ്ദേഹം സംസാരിക്കും.
ജഗദീഷും ആസിഫ് അലിയും
യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണ നടൻ ജഗദീഷിനെ രംഗത്തിറക്കിയാണ് റോഡ് ഷോ നടത്തിയത്. കുണ്ടറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.സി. വിഷ്ണുനാഥിന് വോട്ട് അഭ്യർത്ഥിക്കാൻ കൊറ്റങ്കര മണ്ഡലത്തിലെ സ്വീകരണ പരിപാടിയിലും സിനിമതാരം ജഗദീഷ് എത്തി. സിനിമാ നിർമ്മാതാവ് രഞ്ജിത്തും പി.സി. വിഷ്ണുനാഥിന് വോട്ട് അഭ്യർത്ഥിക്കാൻ എത്തി. ഇന്നലെ ഇടതുപക്ഷ സ്ഥാനാർത്ഥി എം. മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചലച്ചിത്രതാരം ആസിഫ് അലിയുടെ റോഡ്ഷോ സംഘടിപ്പിച്ചത് പ്രവർത്തകരെ ആവേശത്തിലാക്കി. വൈകിട്ട് പള്ളിത്തോട്ടത്ത് നടനും മുൻ എം.പിയുമായ ഇന്നസെന്റ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.