അഴിമതി ആരോപണങ്ങൾ അവർക്ക് അധികാരം നേടാനുള്ള പുകമറ: വി. മുരളീധരൻ
കോട്ടയം : സംസ്ഥാനത്ത് സർക്കാരുകൾക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങൾ സി.പി.എമ്മും- കോൺഗ്രസും അധികാരം നേടാനുള്ള പുകമറ മാത്രമാക്കി മാറ്റിയിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. കോട്ടയം നിയോജകമണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ് ഷോയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ സോളാർ അഴിമതിക്കേസുണ്ടായി. അന്ന് സർക്കാരിനെതിരെ തെരുവുകളിൽ സമരം നടത്തുകയായിരുന്നു ഇടതുപക്ഷം. എന്നാൽ പിണറായി സർക്കാർ സോളാർ അഴിമതിക്കേസിൽ ചെറുവിരൽ പോലും അനക്കിയില്ല. ഒടുവിൽ അധികാരം നഷ്ടമാകാറായപ്പോൾ സോളാർ കേസ് സി.ബി.ഐയ്ക്ക് വിട്ടു. ഇടത് ഭരണത്തിൽ കോൺഗ്രസ് സ്വർണക്കടത്ത്, സ്‌പ്രിൻക്ലർ, ആഴക്കടൽ മത്സ്യബന്ധന വിവാദം എന്നിവയടക്കം ഉയർത്തുന്നുണ്ട്. യു.ഡി.എഫ് അധികാരത്തിൽ തിരികെ എത്തിയാൽ ഈ കേസുകൾ അന്വേഷിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. തിരഞ്ഞെടുപ്പ് സമയത്ത് തെറ്റിദ്ധാരണ പടർത്താൻ മാത്രമാണ് യു.ഡി.എഫും എൽ.ഡി.എഫും കേസുകളെയും ആരോപണങ്ങളെയും ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.