ഗുജറാത്ത് മോഡലും കേരള മോഡലും ചർച്ച ചെയ്യണം

Thursday 01 April 2021 12:59 AM IST

മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിനെതിരായ കേരള മോഡൽ ബദൽ നയങ്ങൾ തുറന്ന് കാണിക്കുന്നതിനൊപ്പം ബി.ജെ.പിയുടെ കോർപ്പറേറ്റുകളോടുള്ള ഇടപെടലും ഗുജറാത്ത് മോഡലും രാജ്യത്ത് തുറന്ന് കാണിക്കണമെന്ന് സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം കനയ്യകുമാർ പറഞ്ഞു. മൂവാറ്റുപുഴ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ കനയ്യകുമാറിന്റെ റോഡ് ഷോയ്ക്ക് ശേഷം ചേർന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ വിജയം ഉറപ്പാണ്.ഇന്ത്യയിൽ കൂടുതൽ വിദ്യാസമ്പന്നരുടേയും സാമൂഹ്യ സാംസ്കാരിക നായകന്മാരുടേയും നാടായ കേരളം ഇന്ത്യയ്ക്ക് മാതൃകയാണ്. അതു കൊണ്ട് കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ.ഡി.എഫിന്റെ തുടർ ഭരണമുണ്ടാകും.ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉത്സവാഘോഷം നടക്കുന്ന കേരള ജനതയെ അഭിവാദ്യം ചെയ്യുന്നതിൽ താൻ അഭിമാനം കൊള്ളുന്നതായി കനയ്യകുമാർ പറഞ്ഞു. മണ്ഡലാതിർത്തിയായ തൃക്കളത്തൂർ എത്തിയ കനയ്യകുമാറിനെ നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ എം.സി റോഡിലൂടെ മൂവാറ്റുപുഴ നഗരത്തിലേയ്ക്ക് റോഡ് ഷോയായി ആനയിച്ചു.തുടർന്ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിപരിസരത്ത് ചേർന്ന യോഗത്തിൽ പ്രസംഗത്തിന് ശേഷം കനയ്യകുമാർ ആസാദി ഗാനവും ആലപിച്ച് മുദ്രാവാക്യം വിളിച്ചു. വേദിയിലും സദസിലുണ്ടായിരുന്നവർ ഏറ്റ് വിളിച്ചു. എൽദോ എബ്രഹാമിന് വോട്ടഭ്യർത്ഥിച്ച ശേഷമാണ് മടങ്ങിയത്. എൽ.ഡി.എഫ് നേതാക്കളായ മുൻ എം.എൽ.എമാരായ എ .കെ .ചന്ദ്രൻ, ബാബു പോൾ ,പി.എം ഇസ്മയിൽ, എൻ അരുൺ, ടി.എം ഹാരീസ്, ഷൈൻ ജേക്കബ്, അബ്ദു റഹ്മാൻ, അനീഷ് എം മാത്യൂ, ഫെബിൻ മൂസ, എന്നിവർ പങ്കെടുത്തു.