ലീഗ് പതാക: വ്യാജ വാർത്തയ്ക്കെതിരെ കെ.സി. വേണുഗോപാൽ പരാതി നൽകി

Saturday 03 April 2021 12:13 AM IST

കൊച്ചി: രാഹുൽഗാന്ധി വയനാട്ടിൽ നടത്തിയ റോഡ് ഷോയിൽ ലീഗിന്റെ പതാകയ്ക്ക് വിലക്കെന്നും അത് ഉയർത്താൻ നേതൃത്വം അനുവദിച്ചില്ലെന്നുമുള്ള വ്യാജവാർത്ത നൽകി ഭിന്നതയുണ്ടാക്കാൻ ശ്രമിച്ച മാദ്ധ്യമങ്ങൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു. തന്റെ നിർദേശപ്രകാരമാണ് ഹരിതപതാക അഴിച്ചുമാറ്റിയതെന്ന വിധത്തിൽ ചില മാദ്ധ്യമങ്ങൾ നൽകിയ വാർത്ത അസംബന്ധമാണ്. ഇതിനെതിരെ എറണാകുളം സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തനിക്ക് അപകീർത്തികരമായ തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച സ്വകാര്യ ചാനലിനെതിരേയും നിയമനടപടി സ്വീകരിക്കും.