നെല്ലറയിൽ വിജയക്കൊടി പാറിക്കാൻ ത്രികോണപ്പോര്

Saturday 03 April 2021 12:25 AM IST

ആലപ്പുഴ : കൊയ്ത്തു പാട്ടിന്റെയും വഞ്ചിപ്പാട്ടിന്റെയും താളം മുറുകുന്ന കുട്ടനാട്ടിൽ ഇത്തവണ തിരഞ്ഞെടുപ്പങ്കം ജയിച്ചു കയറുന്നതാരെന്ന് ആർക്കും പ്രവചിക്കാനാകാത്ത അവസ്ഥ. പ്രചാരണം പൊടിപൊടിക്കുമ്പോഴും നെല്ലറ തന്റെ മനസങ്ങോട്ട് തുറന്നിട്ടില്ല. ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണയും. മണ്ഡല പുനർനിർണയം നടത്തുന്നതിന് മുമ്പ് യു.ഡി.എഫിന് മേൽക്കൈ ഉണ്ടായിരുന്ന മണ്ഡലമായിരുന്നു കുട്ടനാട്. എന്നാൽ, മണ്ഡല പുനർനിർണയത്തിനുശേഷം 2011 മുതൽ എൽ.ഡി.എഫിനൊപ്പമാണ് . കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് മുതൽ ബി.ഡി.ജെ.എസിന്റെ സാന്നിദ്ധ്യവും മണ്ഡലത്തിലുണ്ടായതോടെ ത്രികോണ പോരാട്ടത്തിലേക്ക് കുട്ടനാടിന്റെ മണ്ണ് നീങ്ങി.

നെല്ല് സംഭരണത്തിലെ അനിശ്ചിതത്വത്തിനുള്ള ശാശ്വത പരിഹാരമാർഗമാണ് ഇത്തവണ സ്ഥാനാർത്ഥികളുടെ പ്രധാന പ്രചാരണ ആയുധം. മുൻ എം.എൽ.എ അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ്.കെ.തോമസാണ് ഇടതു സ്ഥനാർത്ഥി. എൻ.സി.പിക്കുള്ളസ്വാധീനത്തേക്കാളുപരി തോമസ് ചാണ്ടിയുടെ സഹോദരനെന്ന ലേബൽ തോമസ് കെ.തോമസിന് അനുകൂല ഘടകമാകുമെന്നാണ് എൽ.ഡി.എഫ് ക്യാമ്പിന്റെ വിലയിരുത്തൽ.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ജേക്കബ് എബ്രഹാമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി . ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന ജേക്കബ് എബ്രഹാമിന് മണ്ഡലത്തിൽ വിപുലമായ ബന്ധങ്ങളുണ്ട്.സി.പി.ഐയിൽ നിന്ന് ബി.ഡി.ജെ.എസിലേക്കെത്തിയ തമ്പി മേട്ടുതറയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തി വിജയത്തിലേക്ക് എത്താനുള്ള കഠിനശ്രമത്തിലാണ് എൻ.ഡി.എ.

ഇന്നലെ ദുഃഖവെള്ളിയായിതാൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും പരസ്യ പ്രചാരണം ഒഴിവാക്കി. കഴിഞ്ഞ ദിവസത്തെ മഴയിൽ സംഭരിക്കാനാകാതെ നെല്ല് കെട്ടിക്കിടക്കുന്ന പാടശേഖരങ്ങളിൽ നേരിട്ട് എത്തി കർഷകരെ ആശ്വസിപ്പിക്കുന്നതിനാണ് ഇന്നലെ സ്ഥാനാർത്ഥികൾ സമയം വിനിയോഗിച്ചത് .

എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ്.കെ. തോമസ് വെള്ളിയാഴ്ച കൊണ്ട് സ്വീകരണ പരിപാടി പൂർണമായി നിറുത്തി. ഭവന സന്ദർശനം മാത്രമാണ് ഇപ്പോഴത്തെ പ്രചാരണ ശൈലി. യു.ഡി.എഫ് സ്ഥാനാർത്ഥി കിടങ്ങറ-വാലടി പ്രദേശത്തെ നെൽ കർഷകരെ നേരിൽ കണ്ട് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന് ഉറപ്പ് നൽകി.എൻ.ഡി.എ സ്ഥാനാർത്ഥി തമ്പി മേട്ടുതറ വെളിയനാട് തൈപ്പറമ്പ് പാടശേഖര സന്ദർശിച്ചു.