നോർത്തിൽ നെട്ടോട്ടം, നേട്ടം ആര് കൊയ്യും

Saturday 03 April 2021 12:02 AM IST
കോഴിക്കോട് നോർത്ത് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി രമേശ് വെസ്റ്റ് ഹിൽ ചുങ്കത്തെ കടകളിൽ കയറി വോട്ട് തേടുന്നു

കോഴിക്കോട് : ത്രികോണ മത്സരം അരങ്ങ് തകർക്കുന്ന കോഴിക്കോട് നോർത്തിൽ അവസാന ലാപ്പിലും സ്ഥാനാർത്ഥികൾ വിയർത്തോടുകയാണ്. ഇടതിന്റെ സംഘടനാ സംവിധാനം നൽകുന്ന ആത്മവിശ്വാസത്തിനൊപ്പം വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് തോട്ടത്തിൽ രവീന്ദ്രൻ. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും കൈവിട്ട മണ്ഡലം പിടിക്കാൻ യു.ഡി.എഫ് രംഗത്തിറക്കിയ കെ.എം അഭിജിത്ത് യുവ പോരാളിയുടെ സകല പോരാട്ട വീര്യത്തോടെയും ത്രസിച്ചുനിൽക്കുകയാണ്. അഞ്ച് വർഷത്തിനകം ആർജ്ജിച്ചെടുത്ത മുന്നേറ്റത്തിലൂടെ കോഴിക്കോട് നോർത്ത് പിടിച്ചെടുക്കാനുറച്ചാണ് എം.ടി. രമേശിന്റെ പടയോട്ടം.

എ. പ്രദീപ് കുമാർ എന്ന സ്ഥാനാർത്ഥിയിലൂടെ മൂന്ന് തവണയും എതിരാളികളെ നിഷ്പ്രഭമാക്കിയ എൽ.ഡി.എഫ് നോർത്തിൽ ഇങ്ങനെയൊരു ബലാബലം പ്രതീക്ഷിച്ചിരുന്നില്ല. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലും ഇഞ്ചോടിഞ്ചാണ് പോരാട്ടം.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും നിയമസഭയിലേക്കും തദ്ദേശ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് മേൽക്കൈ നൽകുന്നതാണ് മണ്ഡലത്തിന്റെ സ്വഭാവം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അപ്രതീക്ഷിത മുന്നേറ്റമാണ് ഉണ്ടാക്കിയത്. 2016ൽ 27, 873 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എ. പ്രദീപ്കുമാർ തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ചിത്രം മാറി. പ്രദീപ്കുമാർ തന്നെ ഇടതുസ്ഥാനാർത്ഥിയായിട്ടും യു.ഡി.എഫിലെ എം.കെ. രാഘവൻ 4558 വോട്ടിന്റെ ലീഡ് നേടി. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം കരുത്തു കാട്ടി. കോർപ്പറേഷനിലെ 32 ഡിവിഷനുകളിൽ 21 ഇടതുപക്ഷം നേടിയപ്പോൾ യു.ഡി.എഫ് ആറിലൊതുങ്ങി. അഞ്ച് ഡിവിഷനുകൾ നേടിയ ബി.ജെ.പി വളർച്ചയുടെ സൂചന നൽകി.

മൂന്ന് വട്ടവും എ. പ്രദീപ്കുമാർ വിജയിച്ചു കയറിയ മണ്ഡലത്തിൽ സുപരിചിതനായ തോട്ടത്തിൽ രവീന്ദ്രനെ സി.പി.എം മത്സരിപ്പിക്കുന്നത് തുടർഭരണം ലക്ഷ്യമിട്ടാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഉണ്ടാക്കിയ മുന്നേറ്റത്തെ തടയുകയെന്ന ലക്ഷ്യവും സി.പി.എമ്മിനുണ്ട്. ബി.ജെ.പി സംസ്ഥാന നേതാവ് എം.ടി. രമേശിനെ കളത്തിലിറക്കിയതിന് പിന്നിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റമാണ്. എന്നാൽ മത്സരം കടുപ്പിച്ചത് വിദ്യാർത്ഥി നേതാവുകൂടിയായ അഭിജിത്തിന്റെ കടന്നുവരവോടെയാണ്. യുവ പോരാളിയായി അഭിജിത്ത് എത്തിയതോടെ കണക്കുകൂട്ടലുകൾ തെറ്റി. ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ഇടതിന്റെ കാലുകൾക്ക് ഇടർച്ച പ്രകടമാണ്.

കോഴിക്കോട് ഒന്ന് എന്നറിയപ്പെട്ട മണ്ഡലമാണ് കോഴിക്കോട് നോർത്തായി മാറിയത്. 2006, 2011, 2016 തിരഞ്ഞെടുപ്പുകളിൽ എ.പ്രദീപ്കുമാർ തുടർച്ചയായി വിജയിച്ചു. 2001ൽ മുൻ മന്ത്രി എ. സുജനപാലാണ് യു.ഡി.എഫിന് അവസാനമായി വിജയക്കൊടി പാറിച്ചത്.

 തോട്ടത്തിൽ രവീന്ദ്രൻ

പ്രചാരണം അവസാന ഘട്ടത്തിലെത്തുമ്പോൾ നല്ല ആത്മവിശ്വാസമുണ്ട്. ശക്തമായ പ്രചാരണമാണ് എൽ.ഡി.എഫ് നടത്തുന്നത്. പര്യടനം രണ്ട് റൗണ്ട് പൂർത്തിയായി. 90 ശതമാനം ആളുകളുമായി നേരിട്ട് ബന്ധമുണ്ട്. സർക്കാറിന്റെ വികസന നേട്ടങ്ങൾ ആളുകൾ ഇങ്ങോട്ട് പറയുകയാണ്. ആരോഗ്യ, വിദ്യാഭ്യാസ രംഗത്തും പൊതുമരാമത്ത് മേഖലയിലും വലിയ മുന്നേറ്രമുണ്ടാക്കിയ മണ്ഡലമാണ് കോഴിക്കോട് നോർത്ത്.

 കെ.എം. അഭിജിത്ത്

യുവാക്കൾ, അമ്മമാർ, തൊഴിലാളികൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും വലിയ പിന്തുണയാണ് കിട്ടുന്നുണ്ട്. നല്ല സ്വീകരണമാണ് എല്ലായിടത്തും. തൊഴിലില്ലായ്മയും പിൻവാതിൽ നിയമനവുമെല്ലാം സജീവ ചർച്ചയാണ്. മണ്ഡലത്തിൽ വികസനമെത്താത്ത പല പ്രദേശങ്ങളും ഉണ്ട്. പരമാവധി വോട്ടർമാരെ നേരിട്ട് കാണാനാണ് ശ്രമം. ടൂറിസം രംഗത്ത് ഉൾപ്പെടെ വലിയ സാധ്യതകളുള്ള പ്രദേശമാണ് . സമഗ്ര പുരോഗതിയാണ് ലക്ഷ്യം.

 എം.ടി. രമേശ്

ജനങ്ങളുടെ പ്രതികരണം എൻ.ഡി.എയ്ക്ക് അനുകൂലമാണ്. നോർത്തിലെ രാഷ്ട്രീയ സാഹചര്യം എൻ.ഡി.എയ്ക്ക് ഗുണം ചെയ്യും. ശക്തമായ പ്രചാരണമാണ് നടത്തുന്നത്. മണ്ഡലം ആവശ്യപ്പെടുന്ന നിരവധി വികസന പ്രവർത്തനങ്ങളുണ്ട്. മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് ഉൾപ്പെടെ ഏറെ കാലമായുള്ള ആവശ്യങ്ങൾ ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. മണ്ഡലത്തിന്റെ സമഗ്ര വികസനം കേന്ദ്രസർക്കാറിന്റെ സഹായത്തോടെ നിറവേറ്റും.

 നിയമസഭ 2016

എൽ.ഡി.എഫ്- 64,192

യു.ഡി.എഫ് - 36,319

എൻ.ഡി.എ- 29,860

 ലോക്‌സഭ 2019

യു.ഡി.എഫ് - 54246

എൽ.ഡി.എഫ്- 49688

എൻ.ഡി.എ- 28665