എൽ.ഡി.എഫിന് വോട്ട് ചെയ്താൽ ഗുണം ബി.ജെ.പിക്ക്: മല്ലികാർജുന ഖാർഗെ

Sunday 04 April 2021 12:00 AM IST

തിരുവനന്തപുരം: ഇടതുപക്ഷത്തിന് വോട്ടുചെയ്യുന്നത് ബി.ജെ.പിയെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുന ഖാർഗെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശീയതലത്തിൽ ബി.ജെ.പിയെ എതിർക്കാൻ സി.പി.എമ്മിന് ശേഷിയില്ല. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും വർഗീയ ആശയങ്ങളെ എതിർക്കാൻ രാഹുൽഗാന്ധി നേതൃത്വം നൽകുന്ന കോൺഗ്രസിന് മാത്രമേ കഴിയുകയുള്ളൂ.

മോദി- ഷാ സഖ്യം ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യമൂല്യങ്ങളെയും നശിപ്പിക്കുകയാണ്. ജനപ്രതിനിധികളെ വിലയ്ക്ക് വാങ്ങി അവർ അധികാരം ഉറപ്പിക്കും. സ്വജനപക്ഷപാതത്തിൽ മോദിയും കേരളത്തിലെ എൽ.ഡി.എഫ് സർക്കാരും ഒരുപോലെയാണ്. ആർ.എസ്.എസ് ആശയങ്ങളുടെ പ്രചാരകർക്ക് കേന്ദ്രസർക്കാർ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് നിയമനം നൽകുന്നുണ്ട്. പണവും അധികാരവും ഉപയോഗിച്ച് തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. അസാമിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ കാറിൽ നിന്ന് വോട്ടിംഗ് മെഷീൻ കണ്ടെടുത്തത് ഇതിന്റെ തെളിവാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര സർക്കാരിന്റെ ഏജന്റായി പ്രവർത്തിക്കുകയാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ മുതൽ കോടതികളെവരെ മോദി ദുരുപയോഗം ചെയ്യുന്നു. എന്നിട്ടും താനൊരു ജനാധിപത്യവാദിയാണെന്നാണ് മോദിയുടെ വാദം. മോദി അധികാരത്തിൽ വന്നതിനുശേഷം അദാനി എങ്ങനെയാണ് ഇത്രയും വേഗം ഇന്ത്യയിൽ സാമ്പത്തിക രംഗത്ത് രണ്ടാമനായത്.

കോൺഗ്രസ് കോമ്രേഡ് പാർട്ടി എന്ന വിശേഷണം മോദിയുടെ തമാശയാണ്. ഏത് സംസ്ഥാനത്തു വന്നാലും അദ്ദേഹം ഇത്തരം തമാശകൾ പറയാറുണ്ട്. ഭരണഘടനയെയും ജനാധിപത്യത്തെയും കോൺഗ്രസ് സംരക്ഷിച്ചതുകൊണ്ടാണ് മോദി ഇന്ന് പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്നതെന്നും മല്ലികാർജുന ഖാർഗെ പറഞ്ഞു.