പാർട്ടിയാണ് ക്യാപ്റ്റനെന്ന് പി. ജയരാജൻ
Saturday 03 April 2021 11:38 PM IST
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്ന് വിശേഷിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്, പാർട്ടിയാണ് ക്യാപ്റ്റനെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ മുൻ സെക്രട്ടറിയുമായ പി.ജയരാൻ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് ഇങ്ങനെ: 'ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ, അവർ പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും. ചിലർ ഫോട്ടോ വച്ച് ഇഷ്ടം പ്രകടിപ്പിക്കും. ചിലർ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും. എന്നാൽ, കമ്മ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല. സഖാവ് കോടിയേരി പറഞ്ഞതു പോലെ, ഈ പാർട്ടിയിൽ എല്ലാവരും സഖാക്കളാണ്. പാർട്ടിയാണ് ക്യാപ്റ്റൻ. അതുകൊണ്ട് വലതുപക്ഷവും മാദ്ധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ അസ്വസ്തരായിട്ട് കാര്യമില്ല. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്".