വെല്ലുവിളി ഏറ്റെടുക്കുന്നു, സർക്കാരിന്റെ നേട്ടങ്ങൾ കുമിളപോലെ: ഉമ്മൻചാണ്ടി

Saturday 03 April 2021 11:47 PM IST

തിരുവനന്തപുരം: അഞ്ചുവർഷത്തെ എൽ.ഡി.എഫ് സർക്കാരിന്റെയും അതിന് മുൻപുള്ള യു.ഡി.എഫ് സർക്കാരിന്റെയും വികസന ക്ഷേമപ്രവർത്തനങ്ങൾ താരതമ്യം ചെയ്യാമോ എന്ന വെല്ലുവിളി ഏറ്റെടുക്കുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഇടതുപക്ഷം പ്രചരിപ്പിക്കുന്ന കാര്യങ്ങൾ രണ്ട് സർക്കാരുകളെ താരതമ്യം ചെയ്യുമ്പോൾ കുമിളപോലെ പൊട്ടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കേരളത്തിന്റെ പൊതുകടം 1,57,370 കോടിയും കടവർദ്ധന 70 ശതമാനവുമാണെങ്കിൽ എൽ.ഡി.എഫ് സർക്കാരിന്റെ പൊതുകടം 3,27,655 കോടിയാണ്. 1,72,85 കോടി ഈ സർക്കാർ മാത്രം കടംവാങ്ങി. കടവർദ്ധന 108 ശതമാനമാണ്. സാമ്പത്തിക വളർച്ചാ നിരക്ക് യു.ഡി.എഫ് കാലത്ത് 6.42 ശതമാനവും എൽ.ഡി.എഫ് കാലത്ത് 5.28 ശതമാനവുമാണ്. യു.ഡി.എഫിന്റെ കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ 11 ആയിരുന്നു. ഈ സർക്കാരിന്റെ കാലത്ത് 38. യു.ഡി.എഫ് സർക്കാർ 1,76,547 നിയമനങ്ങൾ നടത്തി. ഇതിൽ പി.എസ്.സി നടത്തിയത് 1,58,680 നിയമനങ്ങൾ. റാങ്ക് ലിസ്റ്റ് 11 തവണ നീട്ടി. എപ്പോഴും ലൈവ് റാങ്ക് ലിസ്റ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തി. ഈ സർക്കാർ പി.എസ്.സി വഴി അഡ്വൈസ് ചെയ്തത് 1,55,544. അഞ്ച് വർഷം കഴിയാറായപ്പോൾ ഒരു തവണ മാത്രം റാങ്ക് ലിസ്റ്റ് നീട്ടി. പി.എസ്.സി പരീക്ഷയിൽ കോപ്പിയടിയും നൂറുകണക്കിന് പേർക്ക് പുറംവാതിൽ നിയമനവും ഇടത് സർക്കാർ നൽകിയെന്നും ഉമ്മൻചാണ്ടി പറഞ്ഞു.