എനിക്ക് മണി കെട്ടാൻ ആർക്കും കഴിയില്ല

Saturday 03 April 2021 11:47 PM IST

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നിസാരമായ 1109 വോട്ടുകൾക്ക് ജയിച്ച എം.എം. മണിയല്ല,​ അഞ്ച് വർഷങ്ങൾക്കിപ്പുറമുള്ള മന്ത്രി മണിയെന്ന് ഉടുമ്പഞ്ചോലയിലെത്തുന്ന ആർക്കും മനസിലാകും. നെടുങ്കണ്ടത്ത് തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിലും മന്ത്രി എം.എം. മണി തനിനാടൻ ശൈലിയിൽ കേരളകൗമുദിയോട് മനസ് തുറന്നു.

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ തിരിച്ചടിയാകുമോ?

ഒരു തിരിച്ചടിയുമാകില്ല. അദാനിയുടെ ഒരു കമ്പനിയുമായും കെ.എസ്.ഇ.ബിയോ സർക്കാരോ കരാറുണ്ടാക്കിയിട്ടില്ല. ചെന്നിത്തലയ്ക്ക് എന്തെങ്കിലും വിവരമുണ്ടോ. ഉദാഹരണത്തിന് സൗജന്യ റേഷൻ വിതരണം ചെയ്യുന്നതിനെതിരെ സാമൂഹ്യപ്രവർത്തനം നടത്തുന്ന ഒരാൾക്കും നിലപാടെടുക്കാൻ കഴിയില്ല. അത് തടയാൻ ശ്രമിച്ചത് വിഡ്ഢിത്തരമാണ്.

രാഹുലിനെതിരായ ജോയ്സിന്റെ ആക്ഷേപം പ്രതികൂലമായോ?

അതൊന്നും ഒരു വിഷയമേയല്ല. ജോയ്സ് ജോർജ് പാർട്ടിയുടെ വക്താവല്ല. അത്തരം പ്രതികരണം ആര് നടത്തിയാലും അതിനോട് യോജിപ്പില്ലെന്ന് പാർട്ടിയും പറഞ്ഞിട്ടുണ്ട്. ജോയ്സ് അതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

താങ്കൾ അതിനെ ന്യായീകരിച്ചെന്ന് ആരോപണമുണ്ട്?​

ഞാൻ ന്യായീകരിച്ചിട്ടൊന്നുമില്ല. പിന്നെ രാഹുലിനെക്കുറിച്ച് എനിക്ക് വലിയ ബഹുമാനമൊന്നുമില്ല. ഏതെങ്കിലും പ്രത്യേക കുടുംബത്തിൽ ജനിച്ചുവെന്നത് യോഗ്യതയാണോ. നെഹ്‌റുവിന് ശേഷം ഇന്ദിര,​ ഇന്ദിരയ്ക്ക് ശേഷം രാജീവ്,​ അതിന് ശേഷം സോണിയ, ഇപ്പോൾ രാഹുൽ. ഇങ്ങനെ പരമ്പര പരമ്പരയായി ചില കുടുംബക്കാർ മാത്രം അധികാരം കൈയാളുന്നതിനോട് ഒട്ടും യോജിപ്പില്ല.

1996ൽ തോൽപ്പിച്ച ഇ.എം. ആഗസ്തിയാണ് ഇത്തവണ എതിരാളി?

ഏത് ആഗസ്തി വന്നാലും ഒരു ആശങ്കയുമില്ല. അന്ന് ആഗസ്തിയെ സഹായിച്ച ചില ആളുകളൊക്കെയുണ്ടായിരുന്നു. അവരൊന്നും ഇന്ന് ‌ഞങ്ങളുടെ കൂടെയില്ല. ജനങ്ങൾക്ക് എന്നെ ഇപ്പോൾ നല്ലപ്പോലെ മനസിലായിട്ടുണ്ട്.

മണിക്ക് മണികെട്ടുമെന്നും തോറ്റാൽ മൊട്ടയടിക്കുമെന്നുമൊക്കെയാണ് ആഗസ്തി പറയുന്നത്?​

മണിക്ക് മണി കെട്ടുമെന്ന് പറയണമെങ്കിൽ അയാൾ വിഡ്ഢിയല്ലേ. അയാൾ ഏഴ് ജന്മം ജനിച്ചാൽ എനിക്ക് മണിക്കെട്ടാനാകില്ല. എം.എം. മണിയെന്നാ എന്റെ പേര് . കമ്മ്യൂണിസ്റ്റാ ഞാൻ. തോറ്റാൽ തലമൊട്ടയടിക്കുമെന്നൊക്കെ പറയുന്നത് അൽപ്പനായതുകൊണ്ടാണ്. ഞാൻ ജയിച്ച് കഴിഞ്ഞാൽ അയാൾ തല മൊട്ടയടിക്കേണ്ടിവരില്ലേ . മൊട്ടയടിക്കരുതെന്ന് ഞാൻ അദ്ദേഹത്തോട് പറയും.

മ​ന്ത്രിയായി മികച്ച പ്രകടനം കാഴ്ചവയ്ക്കാനായല്ലോ?​

ഞാൻ മന്ത്രിയായപ്പോൾ ചിലർ മൂക്കത്ത് വിരൽവച്ചു,​ അന്നത്തെ അവരുടെ ധാരണ തെറ്റിപ്പോയെന്ന് ഞാൻ തെളിയിച്ചു. 11-ാം വയസിൽ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയതാണ്. ആ പാർട്ടി പ്രവർത്തനത്തിൽ നിന്ന് എനിക്ക് ലഭിച്ച അറിവും അനുഭവ സമ്പത്തും ഞാൻ ഗ്രഹിച്ച കാഴ്ചപ്പാടുമാണ് വൈദ്യുതി വകുപ്പ് മന്ത്രിയെന്ന നിലയിൽ മികച്ച പ്രവർത്തനം നടത്താൻ എന്നെ സഹായിച്ചത്.

തുടർഭരണത്തിനുള്ള അനുകൂലഘടകങ്ങൾ ?​

കൊവിഡ് വന്നപ്പോൾ ഇന്ത്യയിൽ ഒരു സർക്കാരുമെടുക്കാത്ത നിലപാട് കേരളം സ്വീകരിച്ചു. 88 ലക്ഷം കാർഡുടമകൾക്ക് സൗജന്യകിറ്റ്,​ ക്ഷേമപെൻഷൻ തുടങ്ങിയവയെല്ലാം നൽകിയില്ലേ. മനുഷ്യന്റെ കാര്യം മാത്രമല്ല,​ ജീവജാലങ്ങളുടെ കാര്യം കൂടി ചിന്തിച്ചുവെന്ന് പറഞ്ഞാൽ നിസാര കാര്യമല്ല. കമ്മ്യൂണിസ്റ്റ് നേതാവെന്ന നിലയിൽ പിണറായി ആർജിച്ച കഴിവും അദ്ദേഹത്തിന്റെ പഠനശേഷിയും കൊണ്ടാണ് ഈ നിലയിൽ പ്രവർത്തിക്കാൻ സാധിച്ചത്. ഇടതുപക്ഷത്തിന്റെ പൊതുസമീപനമാണിത്. അത് ഉമ്മൻചാണ്ടിക്കോ ചെന്നിത്തലയ്ക്കോ സാധിക്കില്ല.