ആര് വാഴും ആര് വീഴും

Saturday 03 April 2021 11:54 PM IST

നാളത്തെ കേരളത്തിന്റെ ഭാവി നിർണയിക്കാൻ ചൊവ്വാഴ്ച ജനം പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ മുന്നണികളെല്ലാം പിരിമുറുക്കത്തിലാണ്. മൂ​ന്നാം​ മു​ന്ന​ണി​ ​പ​രീ​ക്ഷ​ണം​ ​ഏ​റ്റ​വും​ ​ശ​ക്ത​മാ​യി​ ​പ്ര​ക​ട​മാ​കു​ന്ന​ ​ഇ​ത്ത​വ​ണ​ത്തെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ല​ത്തെ​ ​ ​രാഷ്ട്രീയ​കേ​ര​ളം​ ​നെ​ഞ്ചി​ടി​പ്പോ​ടെ​ ​ഉ​റ്റു​നോ​ക്കുന്നു.​കഴിഞ്ഞ രണ്ട്, മൂന്ന് തിരഞ്ഞെടുപ്പുകാലങ്ങൾ തൊട്ടാണ് ബി.ജെ.പി സംസ്ഥാനത്ത് ശക്തമായിത്തുടങ്ങിയത്. ഇക്കുറി എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ ട്വന്റി-20 എന്ന പുതിയ പ്രസ്ഥാനത്തിന്റെ സാന്നിദ്ധ്യവുമുണ്ട്. വികസന,ക്ഷേമാനുകൂല്യ വാദങ്ങളിലൂന്നി ഇടതുപ്രചാരണം മുന്നേറിയപ്പോൾ സർക്കാരിനെതിരായ അഴിമതിയാരോപണങ്ങളുയർത്തിയും ഏറ്റവുമൊടുവിൽ പൊലീസ് അതിക്രമങ്ങളുടെ കണക്ക് നിരത്തിയുമൊക്കെയാണ് യു.ഡി.എഫ് നീക്കങ്ങൾ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആളിപ്പടർന്ന ശബരിമല യുവതീപ്രവേശന വിവാദം യു.ഡി.എഫും ബി.ജെ.പിയും ഒരുപോലെ ഉയർത്തുന്നു. പൗരത്വഭേദഗതി വിഷയം, മതന്യൂനപക്ഷങ്ങളെ ഏതളവിൽ സ്വാധീനിക്കുമെന്നതും ചോദ്യം. ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കം, കത്തോലിക്കക്കാർക്കിടയിൽ ചർച്ചയാകുന്ന ലൗവ് ജിഹാദ്, കേരള കോൺഗ്രസുകളുടെ ചുവടുമാറ്റങ്ങൾ മുതലായവയെല്ലാം മദ്ധ്യ കേരളത്തെ സ്വാധീനിച്ചേക്കും. ഇതിനകമുണ്ടായ പത്തോളം അഭിപ്രായ സർവേകളിൽ തുടർഭരണം പ്രവചിച്ചത് ഇടതുക്യാമ്പിൽ ആത്മവിശ്വാസമുയർത്തി. സ്ഥാനാർത്ഥി നിർണയത്തിലെ പുതുമയാണ് യു.ഡി.എഫ് പ്രവർത്തകരെ ആവേശത്തിലാഴ്ത്തിയത്. 30 മുതൽ 45വരെ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണപ്പോരിന് വഴിയൊരുക്കാനായത് എൻ.ഡി.എ ക്യാമ്പിനും വീര്യം പകരുന്നു.

കടുത്ത മത്സരമുള്ളത്: 70- 74 മണ്ഡലങ്ങൾ.

എൽ.ഡി.എഫ് പ്രതീക്ഷ-74- 87 വരെ

യു.ഡി.എഫ് പ്രതീക്ഷ- 74- 84 വരെ

എൻ.ഡി.എ പ്രതീക്ഷ: 1- 5 വരെ

സ്വാധീനഘടകങ്ങൾ:

എൽ.ഡി.എഫ്

ക്ഷേമപെൻഷൻ, ഭക്ഷ്യക്കിറ്റ്, കൊവിഡ് പ്രതിരോധം, പാലാരിവട്ടം പാലവും ഗെയ്ലും പവർഹൈവേയുമടക്കമുള്ള വികസനനേട്ടങ്ങൾ, മാദ്ധ്യമ അഭിപ്രായസർവേകൾ,പൗരത്വഭേദഗതി, ഇന്ധന, പാചകവാതക വില വർദ്ധന

യു.ഡി.എഫ്

സ്വർണക്കടത്ത് വിവാദം,ശബരിമല, ആഴക്കടൽ മത്സ്യബന്ധനക്കരാർ, പൊലീസ് കസ്റ്റഡിമരണങ്ങൾ, യു.എ.പി.എ അറസ്റ്റ്, മാവോയിസ്റ്റ് വേട്ട, സ്പ്രിൻക്ലർ, അദാനി വിവാദങ്ങൾ അടക്കമുള്ള അഴിമതിയാരോപണങ്ങൾ ,പൗരത്വഭേദഗതി, ഇന്ധന, പാചകവാതക വില വർദ്ധന

എൻ.ഡി.എ

ശബരിമല,സ്വർണക്കടത്ത്, ആഴക്കടൽ അടക്കമുള്ള വിവാദങ്ങൾ, കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ

വടക്കൻ കേരളത്തിലെ ഹോട്സ്‌സ്പോട്ടുകൾ

കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളുൾപ്പെട്ട വടക്കൻ കേരളത്തിൽ ഇത്തവണ പോരാട്ടം അതിശക്തം. ഈ അഞ്ച് ജില്ലകളിലുമായി അറുപത് മണ്ഡലങ്ങളാണുള്ളത്. അതിൽ 2016 ൽ 37 ഇടത്തും വിജയിച്ചത് എൽ.ഡി.എഫ്. യു.ഡി.എഫിന് കിട്ടിയത് 23 സീറ്റുകൾ. ഇത്തവണ അഞ്ച് മുതൽ പത്ത് വരെ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണപ്പോര്. യു.ഡി.എഫ് നേടിയ 23ൽ എട്ടിടത്തും എൽ.ഡി.എഫ് നേടിയ 37ൽ 15 ഇടത്തും പോരാട്ടം ഇഞ്ചോടിഞ്ച്. ഇവിടങ്ങളിലെ ബി.ജെ.പി പ്രകടനവും നിർണായകം.

ധർമ്മടത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥാനാർത്ഥിത്വം കണ്ണൂർ ജില്ലയ്ക്ക് വി.ഐ.പി പരിവേഷം നൽകുന്നു. വാളയാറിലെ അമ്മ ഇവിടെ മത്സരിക്കുന്നതും ചർച്ചയായി.ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരവും മെട്രോമാൻ ഇ. ശ്രീധരൻ മത്സരിക്കുന്ന പാലക്കാടും ആർ.എം.പി സ്ഥാനാർത്ഥിയായി കെ.കെ. രമ മത്സരിക്കുന്ന വടകരയും വടക്കിന്റെ ഹോട്സ്‌പോട്ടുകളാണ്. കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാക്കിയ ഇരിക്കൂറിലും എലത്തൂരിലും ഇടതിൽ പരസ്യകലാപത്തിലേക്ക് വഴിതെളിച്ച കുറ്റ്യാടിയിലും സ്ഥിതി ശാന്തം.പ്രതിസന്ധിഘട്ടങ്ങളിൽ കേരളത്തിന് താങ്ങായ മുഖ്യമന്ത്രിയുടെ ക്യാപ്റ്റൻ പരിവേഷം, അക്രമ രാഷ്ട്രീയം, പൗരത്വഭേദഗതി വിഷയം എന്നിവയാണ് മണ്ഡലങ്ങളിൽ ചർച്ചയാകുന്നത്. ചിലയിടങ്ങളിൽ ശബരിമലയുമുണ്ട്.

മത്സരം കടുക്കുന്ന യു.ഡി.എഫ് സീറ്റുകൾ

മഞ്ചേശ്വരം,അഴീക്കോട്,പേരാവൂർ,കുറ്റ്യാടി,കോഴിക്കോട് സൗത്ത്,തിരൂരങ്ങാടി,തൃത്താല,പാലക്കാട്.

മത്സരം കടുക്കുന്ന ഇടത് സീറ്റുകൾ:

ഉദുമ, തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂർ,​മാനന്തവാടി, കല്പറ്റ, വടകര, കോഴിക്കോട് നോർത്ത്, കൊടുവള്ളി, തിരുവമ്പാടി, താനൂർ, തവനൂർ, ഒറ്റപ്പാലം, ഷൊർണൂർ, മലമ്പുഴ, ചിറ്റൂർ.

മദ്ധ്യ കേരളത്തിലെ രാഷ്ട്രീയ രാസമാറ്റം

തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ 41 മണ്ഡലങ്ങളുൾപ്പെട്ട മദ്ധ്യകേരളത്തിൽ എൻ.ഡി.എയുടെ സാന്നിദ്ധ്യത്തോടൊപ്പം തന്നെ ശക്തമാണ് ചില മണ്ഡലങ്ങളിലെ ട്വന്റി- 20യുടെ സാന്നിദ്ധ്യവും.ഈ പാർട്ടി, പരമ്പരാഗത മുന്നണികളെ ഏറ്റവുമധികം വിറപ്പിക്കുന്നത് കുന്നത്തുനാട് മണ്ഡലത്തിൽ. പെരുമ്പാവൂർ, മൂവാറ്റുപുഴ മണ്ഡലങ്ങളിലും ശക്തം. എറണാകുളം, തൃക്കാക്കര, കോതമംഗലം, വൈപ്പിൻ, കൊച്ചി മണ്ഡലങ്ങളിലും അവർ മത്സരിക്കുന്നു.

ഇടതിനായിരുന്നു മേൽക്കൈയെങ്കിലും 2016ൽ യു.ഡി.എഫിനെ കാര്യമായി തുണച്ചത് മദ്ധ്യകേരളമായിരുന്നു. ആകെയുള്ള നാല്പത്തിയൊന്നിൽ 22 ഇടത്ത് ഇടതും 18 ഇടത്ത് യു.ഡി.എഫും വിജയിച്ചു. പി.സി. ജോർജ് സ്വതന്ത്രനായി പൂഞ്ഞാറിൽ ജയിച്ചുകയറി.

എല്ലാ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന്റെ കാര്യമായ പ്രതീക്ഷ മദ്ധ്യകേരളമാണ്. മറ്റൊന്ന് മലബാറിലെ മലപ്പുറം ജില്ലയും. മദ്ധ്യകേരളത്തിലിപ്പോൾ പുതിയൊരു രാഷ്ട്രീയ രാസമാറ്റമുണ്ട്. അത് കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ ഇടത് കൂടുമാറ്റമാണ്. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലെ പല മണ്ഡലങ്ങളിലുമത് ഇടതുപ്രതീക്ഷകളെ ജീവൻ വയ്പിക്കുന്നു. സഭാ തർക്ക വിഷയങ്ങളിലെ ഇടപെടലുകൾക്കൊപ്പം ലൗവ് ജിഹാദും മറ്റുമുയർത്തി കത്തോലിക്കക്കാർക്കിടയിൽ രൂപപ്പെടുന്ന ചില ധ്രുവീകരണചിന്തകളും ബി.ജെ.പി ക്യാമ്പിലും പ്രതീക്ഷയുണർത്തുന്നുണ്ട്.കഴിഞ്ഞതവണ ഇടത് മേൽക്കൈ ഉറപ്പാക്കിയത് 13 മണ്ഡലങ്ങളുള്ള തൃശൂർ ജില്ലയിലെ മേധാവിത്വമായിരുന്നു. ഇത്തവണ സ്ഥാനാർത്ഥി മികവിലൂടെ അവിടെ പല മണ്ഡലങ്ങളിലും യു.ഡി.എഫ് പോരാട്ടം കടുപ്പിച്ചിരിക്കുന്നു. കേരള കോൺഗ്രസ് എം പിന്തുണയിൽ യു.ഡി.എഫ് പ്രതിരോധത്തെ മറികടക്കാമെന്നാണ് ഇടതുചിന്ത.

സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിന് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിള കോൺഗ്രസ് മുൻ അദ്ധ്യക്ഷ ലതിക സുഭാഷിന്റെ ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിത്വവും പാലായിലെ ജോസ് കെ.മാണി- മാണി സി.കാപ്പൻ പോരും ചർച്ചയാണ്. പാലാരിവട്ടം പാലം അഴിമതി ഏറ്റവുമധികം ചർച്ച ചെയ്യുന്നത് എറണാകുളം ജില്ലയിലെ കളമശ്ശേരിയിലെ പോരാട്ടത്തിലാണ്. അവിടെ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ മകൻ അബ്ദുൾ ഗഫൂറിനെ എതിരിടുന്നത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. രാജീവ്. ബി.ജെ.പിക്കായി ഇരിങ്ങാലക്കുടയിൽ മുൻ ഡി.ജി.പി ജേക്കബ് തോമസും കാഞ്ഞിരപ്പള്ളിയിൽ മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവുമെത്തിയതും ചർച്ച. മദ്ധ്യകേരളത്തിലെ താരസാന്നിദ്ധ്യം തൃശൂരിലെ സുരേഷ്ഗോപി തന്നെ. മാറിമാറി വന്ന ഭരണമുന്നണികൾക്കൊപ്പം മാത്രം നിൽക്കുന്ന ഒല്ലൂരും ശ്രദ്ധാമണ്ഡലമാണ്.

മത്സരം കടുക്കുന്ന യു.ഡി.എഫ് സീറ്റുകൾ

വ‌ടക്കാഞ്ചേരി, പെരുമ്പാവൂർ, അങ്കമാലി, കളമശേരി, തൃക്കാക്കര, കുന്നത്തുനാട്, പിറവം, ഇടുക്കി, പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, കോട്ടയം.

മത്സരം കടുക്കുന്ന ഇടത് സീറ്റുകൾ

ഗുരുവായൂർ, ഒല്ലൂർ, തൃശൂർ, കയ്പമംഗലം, ഇരിങ്ങാലക്കുട, ചാലക്കുടി, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം, പീരുമേട്.

 പി.സി. ജോർജിന്റെ പൂഞ്ഞാറിലും കടുപ്പം.

തെക്കൻ കാറ്റിന്റെ ഗതി നിർണായകം

തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ 39 മണ്ഡലങ്ങളിലെ ഫലം കേരളത്തിൽ അധികാരത്തിലെത്തുന്ന മുന്നണികൾക്ക് എപ്പോഴും നിർണായകം.അതിലേറ്റവും പ്രധാനം 14 മണ്ഡലങ്ങളുൾപ്പെട്ട തിരുവനന്തപുരം. എറണാകുളത്തും തിരുവനന്തപുരത്തും മാത്രമാണ് 14 മണ്ഡലങ്ങൾ. എറണാകുളം പലപ്പോഴും യു.ഡി.എഫിനെ തുണയ്ക്കുന്നതിനാൽ

തിരുവനന്തപുരത്തെ ഫലമാണ് ശരിക്കും മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നത്. അധികാരത്തിന്റെ ഗതിനിർണയത്തിൽ തലസ്ഥാന ജില്ലയുടെ ഫലമൊരു സൂചകമാകാറുണ്ട്. 2016ൽ യു.ഡി.എഫിനെ തെക്കൻ കേരളം ശരിക്കും ചതിച്ചു. ആകെയുള്ള 39 മണ്ഡലങ്ങളിൽ വെറും അഞ്ചിടത്താണ് യു.ഡി.എഫ് വിജയം. 33 ഇടത്ത് വിജയിച്ച് എൽ.ഡി.എഫ് വൻമുന്നേറ്റമുണ്ടാക്കി. ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് ഫലവുമുണ്ടായ ജില്ലയാണ് തിരുവനന്തപുരം. അത് നേമത്ത് ചരിത്രത്തിലാദ്യമായി ഒ. രാജഗോപാലിലൂടെ

നിയമസഭയിലേക്ക് താമര വിരിഞ്ഞതാണ്. നേമത്തെ തിരിച്ചുപിടിക്കാൻ എൽ.ഡി.എഫ് സർവ്വസംഘടനാ സംവിധാനങ്ങളുമൊരുക്കി മുൻ എം.എൽ.എ വി. ശിവൻകുട്ടിയെ ഇറക്കി നേരത്തേ കളി തുടങ്ങിയപ്പോഴാണ് കെ. മുരളീധരന്റെ മാസ് എൻട്രി.ശക്തനായ കുമ്മനംരാജശേഖരനോട് ഇരുവരും ഏറ്റുമുട്ടുന്നതിനാൽ തീപാറുന്ന പോരാട്ടമാണ്. തെക്കൻ ജില്ലകളിലെ തിരിച്ചുവരവിനായി യു.ഡി.എഫ് കിണഞ്ഞ് ശ്രമിച്ചതോടെ 21 ഇടത് സിറ്റിംഗ് മണ്ഡലങ്ങളിലും പോര് കടുത്തു. അഞ്ചിൽ മൂന്ന് യു.ഡി.എഫ് മണ്ഡലങ്ങളിലും മത്സരം കടുത്തിട്ടുണ്ട്.

 മത്സരം കടുക്കുന്ന യു.ഡി.എഫ് സീറ്റുകൾ:

അരൂർ, കോവളം, അരുവിക്കര

മത്സരം കടുക്കുന്ന എൽ.ഡി.എഫ് സീറ്റുകൾ:

ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, കായംകുളം, റാന്നി, ആറന്മുള, കോന്നി, കരുനാഗപ്പള്ളി, ചവറ, കുന്നത്തൂർ, പത്തനാപുരം, കുണ്ടറ, കൊല്ലം, ചാത്തന്നൂർ, നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, പാറശാല, കാട്ടാക്കട, നെയ്യാറ്റിൻകര.

മത്സരം കടുക്കുന്ന എൻ.ഡി.എ സീറ്റ്:

നേമം