മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാർ: ഹസൻ

Saturday 03 April 2021 11:58 PM IST

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെന്നും ഒപ്പം വികസനത്തിന്റെ മറവിൽ നടന്ന അഴിതിയെക്കുറിച്ച് ചർച്ച ചെയ്യാൻ അദ്ദേഹം തയ്യാറാകണമെന്നും യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു.

അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സർക്കാരിന് ഈ തിരഞ്ഞെടുപ്പിൽ ജനങ്ങളോട്‌ വോട്ട്‌ ചോദിക്കാൻപോലും അവകാശമില്ല. കേരളത്തിന്റെ പൊതുമുതൽ കൊള്ളയടിച്ച മുഖ്യമന്ത്രി വോട്ട് അട്ടിമറിക്കാനും ശ്രമിക്കുകയാണ്. പി.ആർ ഏജൻസികളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നത്.

മുഖ്യമന്ത്രി കള്ളവോട്ടിനെ ന്യായീകരിച്ചിരിക്കുകയാണ്. സി.പി.എം സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞത് ഭൂമി ഉണ്ടായത് മുതൽ ഇരട്ടവോട്ടുകളുണ്ടെന്നാണ്. ഭൂമി ഉണ്ടായത് മുതലല്ല സി.പി.എം ഉണ്ടായത് മുതലാണ് ഇരട്ടവോട്ട് ഉണ്ടായത്. സി.പി.എമ്മും കള്ളവോട്ടും ഇരട്ടക്കുട്ടികളാണെന്നും ഹസൻ പറഞ്ഞു.