ഇനിയും വന്നേക്കും പി ജെയുടെ പേരിൽ നോട്ടീസുകൾ, ജാഗ്രത വേണമെന്ന് പി ജയരാജൻ
കണ്ണൂർ: തന്റെ പേരിലിറങ്ങുന്ന വ്യാജ നോട്ടീസുകൾക്കെതിരെ മുന്നറിയിപ്പുമായി പി ജയരാജൻ. യു ഡി എഫ് കേന്ദ്രങ്ങളിൽ നിന്നാണ് പി ജെ എന്ന പേരിൽ നോട്ടീസുകളിറങ്ങുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.
എല്‍ ഡി എഫിന് ലഭിച്ച പൊതു അംഗീകാരം യു ഡി എഫിനെയും ബിജെപിയെയും പ്രയാസപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.തങ്ങളുടെ വോട്ട് പോലും ചോര്‍ന്ന് ഇടതുപക്ഷത്തിന് കിട്ടുമോ എന്ന ആശങ്കയിലാണ് അവരെന്നും, ഈ സാഹചര്യത്തിലാണ് വ്യാജ നോട്ടീസുകളിറക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കഴിഞ്ഞ ദിവസം പിജെ എന്ന പേരിലുള്ള നോട്ടീസുകള്‍ ചില പ്രദേശങ്ങളില്‍ വിതരണം ചെയ്തതായി മനസ്സിലാക്കുന്നു. ഇനിയും ഇതുപോലുള്ള വ്യാജ നോട്ടീസുകള്‍ വിതരണം ചെയ്യാന്‍ യു ഡി എഫ് കേന്ദ്രങ്ങള്‍ ഒരുങ്ങുന്നതായാണ് അറിയുന്നത്.ഇത്തരം ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം.എല്‍ ഡി എഫിന് ലഭിച്ച പൊതു അംഗീകാരം യു ഡി എഫിനെയും ബിജെപിയെയും വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ട്. തങ്ങളുടെ വോട്ട് പോലും ചോര്‍ന്ന് ഇടതുപക്ഷത്തിന് കിട്ടുമോ എന്ന ആശങ്കയിലാണ് അവര്‍.ഇത്തരമൊരു സാഹചര്യത്തിലാണ് വലതുപക്ഷ ബുദ്ധികേന്ദ്രങ്ങള്‍ പിജെ എന്ന പേരിലും മറ്റും അജ്ഞാത നോട്ടീസുകള്‍ അച്ചടിച്ചിറക്കി ഇടതുപക്ഷ ബന്ധുക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടത്തുന്നത്.തിരഞ്ഞെടുപ്പ് ദിവസം വരെ ഇത്തരം നോട്ടീസുകള്‍ ഇനിയും പ്രത്യക്ഷപ്പെടാം.ഇക്കാര്യത്തില്‍ ജനങ്ങളാകെ കരുതിയിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. തുടർഭരണം ലഭിക്കാൻ പോവുന്ന ഈ ചരിത്ര നിമിഷത്തിൽ ഓരോരുത്തരും തങ്ങളാലാവും വിധം എല്‍ ഡി എഫിന് വോട്ട് സമാഹരിക്കാന്‍ വേണ്ടി രംഗത്തിറങ്ങണം.