ബി ജെ പിയെ തോൽപ്പിക്കാൻ യു ഡി എഫിന് കഴിവുണ്ട്; മഞ്ചേശ്വരത്ത് ആരുടേയും പിന്തുണ വേണ്ടെന്ന് ഉമ്മൻ ചാണ്ടി

Monday 05 April 2021 11:29 AM IST

കാസർകോട്:ബി ജെ പിയെ തോൽപ്പിക്കാൻ മഞ്ചേശ്വരത്ത് എൽ ഡി എഫ് പിന്തുണ തേടിയ കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രനെ തളളി ഉമ്മൻ ചാണ്ടി. ബി ജെ പിയെ തോൽപ്പിക്കാൻ യു ഡി എഫിന് കഴിവുണ്ട്. ആരുടേയും പിന്തുണ വേണ്ടെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണ്. ഇത്തവണയും അത് തന്നെ നടക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

ആർ എസ് എസിനും ബി ജെ പിക്കുമെതിരേ മഞ്ചേശ്വരത്ത് എൽ ഡി എഫുമായി സഹകരിക്കാൻ ഞങ്ങൾ തയ്യാറാണെന്ന് മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞിരുന്നു. യു ഡി എഫിനെ പിന്തുണയ്‌ക്കാൻ എൽ ഡി എഫ് തയ്യാറുണ്ടോയെന്നാണ് അറിയേണ്ടത്. മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർത്ഥിയെ സി പി എം നിർത്തിയതുതന്നെ ബി ജെ പിയെ സഹായിക്കാനാണ്. അതുകൊണ്ടുതന്നെ നിങ്ങൾ നീക്കുപോക്കിന് തയ്യാറാകില്ലെന്ന് അറിയാമെന്നുമായിരുന്നു മുല്ലപ്പളളി പറഞ്ഞത്.