പരസ്യ പ്രചാരണം കഴിഞ്ഞ് പ്രകടനപത്രിക പുറത്തിറക്കി; ജോസ് കെ മാണിക്കെതിരെ പരാതിയുമായി മാണി സി കാപ്പൻ
Monday 05 April 2021 4:50 PM IST
കോട്ടയം: പാലായിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ജോസ് കെ മാണിക്കെതിരെ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ജോസ് കെ മാണി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് മാണി സി കാപ്പന്റെ ആരോപണം. പരസ്യ പ്രചാരണ സമയം കഴിഞ്ഞ ശേഷം ജോസ് കെ മാണി പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. ഇത് വോട്ടർമാരെ സ്വാധീനിക്കാനാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മാണി സി കാപ്പൻ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.
പാലായിൽ ജോസ് കെ മാണിക്ക് പരാജയ ഭീതിയാണെന്ന് മാണി സി കാപ്പൻ ഇന്നലെ പറഞ്ഞിരുന്നു. പരാജയ ഭീതി കാരണമാണ് പാലായിൽ തന്റെ പേരിൽ അപരനെ പോലും നിർത്തിയത്. ഇത് മാന്യതയുളള ആരും ചെയ്യുന്ന പ്രവൃത്തിയല്ല. പണവും മദ്യവും ഒഴുക്കി ജോസ് കെ മാണി വോട്ട് പിടിക്കുന്നു എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും കാപ്പൻ പറഞ്ഞിരുന്നു.