പവിത്രവും കമ്മട്ടിപ്പാടവും കടന്ന് ബാലചന്ദ്രൻ
തിരുവനന്തപുരം: ഇനിയുമെഴുതാൻ ഒട്ടേറെ ബാക്കിവച്ചാണ് പി.ബാലചന്ദ്രൻ വിട പറഞ്ഞത്. കച്ചവട സിനിമയുടെ ഭാഗമായിരിക്കുമ്പോഴും കൃത്യമായ രാഷ്ട്രീയവും സാമൂഹ്യബോധവും തന്റെ തിരക്കഥകളിലൂടെ അദ്ദേഹം പറഞ്ഞു. തിരക്കഥ പൂർത്തിയാക്കി സംവിധായകന് കൈമാറിക്കഴിഞ്ഞാൽ പിന്നെ ഒരു ഇടപെടൽ ബാലചന്ദ്രൻ നടത്താറില്ല.
അരികുവത്കരിക്കപ്പെട്ടവരുടെ ജീവിതം മുഖ്യപ്രമേയമായി അവതരിപ്പിച്ച 'കമ്മട്ടിപ്പാടം' വികസനം ചവിട്ടിയരച്ചു കളഞ്ഞവർക്കൊപ്പം നില്‍ക്കുന്ന ഒരു രാഷ്ട്രീയ സിനിമയാണെന്ന വിലയിരുത്തലിൽ ചർച്ച നടന്നപ്പോൾ പി.ബാലചന്ദ്രന്റെ പങ്ക് ആഘോഷിക്കപ്പെട്ടില്ല. ചിത്രത്തിൽ നായകന്റെ ഹീറോയിസമല്ല ശ്രദ്ധനേടിയത്. വിനായകൻ അവതരിപ്പിച്ച ഗംഗനും മണികണ്ഠൻ അവതരിപ്പിച്ച ബാലനും പ്രേക്ഷകമനസിനെ പിടിച്ചുകുലുക്കി. അവരും കൃഷ്ണനും പറഞ്ഞത് പി.ബാലചന്ദ്രന്റെ രാഷ്ട്രീയമായിരുന്നു.
ചിത്രത്തിലെ നായകനെ നിയോഗിച്ചിരിക്കുന്നത് കുറേ മനുഷ്യരുടെ കഥ പറയാനാണ്. കഥാസന്ദർഭങ്ങൾ ആവശ്യപ്പെടുന്ന ഹീറോയിസവും ഡയലോഗുകളുമേ നായകനുവേണ്ടി അദ്ദേഹം എഴുതിയുള്ളൂ. ''ചില പ്രമേയങ്ങളിൽ ചില നായകന്മാർക്ക് ഇങ്ങനെയേ നിൽക്കാനാകൂ. പക്ഷേ, അവർ ഇല്ലെങ്കിൽ സിനിമ ദുർബലമായിപ്പോവുകയും ചെയ്യും.''- എന്ന് പി.ബാലചന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്.
നാലു വർഷത്തോളമെടുത്താണ് 'കമ്മട്ടിപ്പാടം' എഴുതിയത്. എന്നാൽ 2000ൽ മികച്ച മലയാളം ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ 'പുനരധിവാസം' വെറും നാലു ദിവസം കൊണ്ടാണ് അദ്ദേഹം എഴുതിയത്.
ചേട്ടച്ഛന്റെ സ്നേഹവും വാത്സല്യവും മലയാള സിനിമാപ്രേക്ഷകർ അനുഭവിച്ചത് പി. ബാലചന്ദ്രന്റെ തൂലികയിലൂടെയായിരുന്നു. മോഹൻലാൽ എന്ന നടന്റെ റേഞ്ച് അന്നുവരെ കാണാത്ത അത്രയും ഉയർന്നതും 26 വർഷം മുമ്പ് ടി.കെ.രാജീവ്‌കുമാർ സംവിധാനം ചെയ്ത 'പവിത്ര'ത്തിലൂടെയായിരുന്നു. ചിത്രത്തിലെ ക്ലൈമാക്സ് എന്നും ഒരു നൊമ്പരമാണ്. മറ്റൊരു രംഗം: സഹോദരി മീനാക്ഷിയെ (വിന്ദുജാമേനോൻ) നഷ്ടപ്പെടുമെന്നായപ്പോൾ, തനിച്ചായെന്ന് തോന്നിയപ്പോൾ, വീണ്ടും കാമുകി മീരയെ (ശോഭന) തന്റെ ജീവതത്തിലേക്കു ക്ഷണിക്കാൻ ഉണ്ണികൃഷ്ണൻ (മോഹൻലാൽ) മീരയുടെ വീട്ടിൽ ചെന്ന് അവളോടു ചോദിക്കുന്നു. 'മീരേ, എന്റെ കൂടെ വരാവോ, എങ്ങോട്ടെങ്കില്ലും' മീരയുടെ മറുപടി 'ഉണ്ണിയോടെനിക്ക് പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ട്, സങ്കടം തോന്നിയിട്ടുണ്ട്, എത്രയോതവണ ഉണ്ണി എന്നെ വിളിക്കാൻ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിട്ടുണ്ടെന്നറിയുമോ?' ശേഷം മീര ഉണ്ണിയെ കൊണ്ടുപോകുന്നത് തളർന്ന് കിടക്കുന്ന അച്ഛൻ ശങ്കരൻപിള്ളയുടെ (നരേന്ദ്ര പ്രസാദ്) അരികിലേക്ക്. 'ഈ അച്ഛനെ വിട്ട് ഞാൻ എങ്ങനെ കൂടെ വരും' എന്ന് മീര പറയുമ്പോൾ 'ഞാൻ വന്നില്ലെന്ന് വിചാരിച്ചോളൂ'-എന്നാണ് ഉണ്ണിയുടെ മറുപടി.
ആറ് ദിവസം കൊണ്ടാണ് 'പവിത്ര'ത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്. വിഷയവും എഴുത്തുകാരനും തമ്മിലുള്ള ഇണക്കത്തെയും പിണക്കത്തെയും ആശ്രയിച്ചിരിക്കും പൂർത്തിയാക്കാൻ എടുക്കുന്ന സമയമെന്നാണ് ബാലചന്ദ്രൻ പറഞ്ഞിട്ടുള്ളത്.
എഴുത്തുജീവിതത്തിനിടെ ഒരുപിടി കഥാപാത്രങ്ങൾക്കും ജീവൻ നൽകി 'ഇമ്മാനുവലി'ലെ ഗോപിനാഥൻ നായർ, 'ട്രിവാൻഡ്രം ലോഡ്ജി'ലെ കോര, 'അന്നയും റസൂലു'മിലെ റഷീദ്, 'ചാർലി'യിലെ ഉസ്മാനിക്ക, 'കോളാമ്പി'യിലെ കമാൽപാഷ തുടങ്ങിയവ.
മഹാകവി പി.കുഞ്ഞിരാമൻ നായരുടെ ജീവിതയാത്രയെ കുറിച്ച് 'ഇവൻ മേഘരൂപൻ' എന്ന സിനിമയായിരുന്നു സംവിധാനം ചെയ്ത ഏക ചിത്രം. ശേഷം മറ്റൊരു സിനിമ സംവിധാനം ചെയ്യുന്നതിന്റെ തയ്യാറെടുപ്പിലിരിക്കെയാണ് കഴിഞ്ഞ ജൂലായിൽ ആശുപത്രി കിടക്കിയിലായത്. ആശുപത്രി വിടുമ്പോൾ അദ്ദേഹത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചതാണ്.