അയ്യപ്പനും നാട്ടിലെ എല്ലാ ദേവഗണങ്ങളും ആരാധനാ മൂർത്തികളും സർക്കാരിനൊപ്പമാണ്; കരുതിവച്ച ബോംബ് പുറത്തെടുക്കാൻ പറ്റിയോ എന്ന് അറിയില്ലെന്ന് പിണറായി വിജയൻ
കണ്ണൂർ: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുളള പല ശ്രമങ്ങളും നടന്നിട്ടുണ്ടെങ്കിലും അതൊന്നും ജനങ്ങൾ മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടതുപോലെ എല്ലാ ദുരാരോപണവും ജനം തളളും. കേരളത്തിൽ 2016 മുതൽ എൽ ഡി എഫ് സർക്കാർ ഏതെല്ലാം പ്രവർത്തനങ്ങൾ നടത്തിയോ അതിനോടൊപ്പം കേരളത്തിലെ ജനങ്ങൾ അണിനിരന്നിട്ടുണ്ട്. എൽ ഡി എഫിന് ചരിത്രവിജയം ജനങ്ങൾ സമ്മാനിക്കുമെന്നും പിണറായി വിജയൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കരുതിവച്ച ബോംബ് പുറത്തെടുക്കാൻ പറ്റിയോ എന്ന് അറിയില്ല. ഏതിനേയും നേരിടാൻ ജനങ്ങൾ തയ്യാറായിരുന്നു. കരുതിവച്ചതൊന്നും വിലപോവില്ലെന്ന തിരിച്ചറിവ് പിന്നീട് തോന്നികാണും. നേമത്തെ ബി ജെ പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യും. മറ്റ് എവിടെയങ്കിലും ധാരണയുണ്ടാക്കി യു ഡി എഫ് വോട്ട് മറിക്കുമോയെന്ന് അറിയില്ല. മലമ്പുഴയിലൊന്നും ബി ജെ പിക്ക് ഒരു രക്ഷയുമുണ്ടാകില്ലെന്നും പിണറായി പറഞ്ഞു.
ഈ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വലിയ വിവാദമായി വന്നിട്ടില്ല. ജനങ്ങളിൽ തനിക്ക് പൂർണവിശ്വാസമാണ്. താൻ ജനിച്ചുവളർന്ന നാടാണ് ധർമ്മടം. ആരെങ്കിലും വന്ന് പ്രത്യേക സീൻ ഇവിടെ ഉണ്ടാക്കി കളയാമെന്ന് വിചാരിച്ചാൽ ഏശുന്ന നാടല്ല ഇത്. അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും ഈ നാട്ടിലെ എല്ലാ ആരാധനാ മൂർത്തികളും ഈ സർക്കാരിനൊപ്പമാണ്. കാരണം ഈ സർക്കാരാണ് ജനങ്ങളെ സംരക്ഷിച്ച് നിർത്തിയത്. ജനങ്ങളെ സംരക്ഷിച്ച് നിർത്തുന്നവരോടൊപ്പം ആണ് എല്ലാ ദേവഗണങ്ങളുമെന്നും പിണറായി അഭിപ്രായപ്പെട്ടു.