അസുരന്മാർ ചെയ്യുന്ന പണിയാണ് പിണറായി വിജയൻ ചെയ്‌തത്; മുഖ്യമന്ത്രി ദുർബലനായ രാഷ്‌ട്രീയക്കാരനാണെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: അയ്യപ്പനും ദേവഗണങ്ങളും സർക്കാരിനൊപ്പം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവന അദ്ദേഹത്തിന്റെ ദൗർബല്യമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ഇരട്ടച്ചങ്കനാണ്, ആയിരം തിരഞ്ഞെടുപ്പിൽ തോറ്റാലും നിലപാട് മാറ്റില്ലെന്നൊക്കെ പറഞ്ഞ മുഖ്യമന്ത്രി വളരെ ദുർബലനായ രാഷ്ട്രീയക്കാരനാണെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസ്‌താവനയെന്നും സുരേന്ദ്രൻ പറഞ്ഞു.
അർദ്ധരാത്രിയിൽ ഇരുട്ടിന്റെ മറവിൽ പിണറായി വിജയനും അസുരഗണങ്ങളും ചേർന്ന് സർക്കാരിന്റെ ആംബുലൻസിൽ പൊലീസ് അകമ്പടിയോടെ യുവതികളെ പ്രവേശിപ്പിച്ചു. എന്നിട്ട് അന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തി പറഞ്ഞു. ഇതാ രണ്ടുപേർ കയറിക്കഴിഞ്ഞു വേണമെങ്കിൽ ഒരു ഹർത്താൽ കൂടി നടത്തിക്കൊളളൂവെന്ന്. ഇതൊന്നും ജനങ്ങൾ മറന്നിട്ടില്ലെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.
ദേവഗണങ്ങൾ ഇപ്പോൾ കൂടെയുണ്ടെന്ന് പറഞ്ഞാൽ അത് ജനങ്ങളും വിശ്വാസികളും മുഖവിലയ്‌ക്കെടുക്കില്ല. അസുരന്മാർ ചെയ്യുന്ന പണിയാണ് പിണറായി വിജയൻ ചെയ്‌തത്. ഏറ്റവും വലിയ അസുരനായ പിണറായി വിജയനും അദ്ദേഹത്തിന്റെ അസുരഗണങ്ങളും ചേർന്ന് ശബരിമലയിൽ നടത്തിയ നീചമായ അതിക്രമങ്ങൾ വോട്ടർമാർ വീണ്ടും ഓർമ്മിക്കുമെന്ന് കരുതിയാണ് മുഖ്യമന്ത്രി ഇപ്പോൾ മലക്കം മറിച്ചിലിന് തയ്യാറായിരിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.