മഞ്ചേശ്വരത്തെ ഫലസൂചനയിൽ കോൺഗ്രസിന് പരിഭ്രാന്തി; സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായി ആണെന്ന് മുല്ലപ്പളളി
കോഴിക്കോട്: മഞ്ചേശ്വരത്തെ ഫലസൂചനയിൽ ആശങ്ക പ്രകടിപ്പിച്ച് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. മണ്ഡലത്തിലെ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നുവെന്നും കെ സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയാണെന്നും മുല്ലപ്പളളി പറഞ്ഞു.
സാധാരണ കമ്മ്യൂണിസ്റ്റ് പാർട്ടി കാണിക്കുന്ന ആവേശമൊന്നും മഞ്ചേശ്വരത്തെ സി പി എം സ്ഥാനാർത്ഥിക്ക് വേണ്ടി കണ്ടില്ല. മാർക്‌സിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം മ്ലാനതയായിരുന്നു. ബി ജെ പിയുമായി നല്ല ബന്ധമുളള ദുർബലനായ സ്ഥാനാർത്ഥിയെയാണ് സി പി എം നിർത്തിയതെന്നും മുല്ലപ്പളളി ചൂണ്ടിക്കാട്ടി.
മഞ്ചേശ്വരത്ത് സി പി എം വിജയിക്കുന്ന പ്രശ്‌നമേയില്ല. നേമത്തെ മത്സരം സി പി എമ്മും കോൺഗ്രസുമായല്ല. ദുർബലനായ സ്ഥാനാർത്ഥിയെയാണ് നേമത്ത് സി പി എം നിർത്തിയത്. സ്ഥാനാർത്ഥി നിർണയ കാര്യത്തിൽ 99 ശതമാനം സംതൃപ്‌തനാണെന്നും മുല്ലപ്പളളി വ്യക്തമാക്കി.