ഇന്നലെ രാത്രിയിലിറങ്ങിയ മുഖ്യമന്ത്രിയുടെ പ്രതികരണത്തിലുണ്ടോ തുടർഭരണത്തിനുള്ള ആത്മവിശ്വസം? ബൂത്ത് തലത്തിലെ വിവരം ശേഖരിച്ച ശേഷം പാർട്ടികൾ നൽകുന്ന സൂചനകൾ
തിരുവനന്തപുരം: വോട്ടെടുപ്പ് പൂർത്തിയായപ്പോൾ പോളിംഗ് ശതമാനം നിസ്സംഗഭാവം പ്രകടമാക്കി നിൽക്കുന്നതിൽ ഒരേസമയം ആശങ്കകളും പ്രതീക്ഷകളുമായി മുന്നണികൾ. തപാൽവോട്ടു കണക്കുകളടക്കം എത്തുമ്പോൾ പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തെ 77ന് മുകളിലേക്കെത്തുമെന്ന കണക്കുകൂട്ടലാണിപ്പോഴുള്ളതെങ്കിലും നിലവിൽ ശതമാനം കുറഞ്ഞുനിൽക്കുന്നതാണ് മുന്നണികളെ കുഴയ്ക്കുന്നത്.
യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായി കണക്കാക്കുന്ന മേഖലകളിലടക്കം പോളിംഗ് ശതമാനം ഉയരാത്തത് ഭരണവിരുദ്ധവികാരമില്ലെന്നതിന് തെളിവായി ഇടതുപക്ഷം ആശ്വസിക്കുകയാണ്. എന്നാൽ, ചില കണക്കുകൂട്ടിയ ഇടങ്ങളിലൊക്കെ പോളിംഗ് ആവേശം പ്രകടമായതാകട്ടെ സർക്കാരിന്റെ ക്ഷേമ, വികസന പ്രവർത്തനങ്ങളെ ജനം ഏറ്റെടുത്തതിന് തെളിവായും ചൂണ്ടിക്കാട്ടുന്നു. വോട്ടെടുപ്പ് തീർന്നപ്പോഴത്തെ കണക്കിൽ 95 വരെ സീറ്റെങ്കിലും നേടി മുന്നിലെത്തുമെന്ന പ്രതീക്ഷയാണ് നേതാക്കളുടേത്. മുഖ്യമന്ത്രിയുടെ രാത്രിയിലിറങ്ങിയ പ്രതികരണത്തിലും തികഞ്ഞ ആത്മവിശ്വാസം പ്രകടമാണ്.
എന്നാൽ, ഇടതുശക്തികേന്ദ്രങ്ങളിലടക്കം വോട്ടുനില ഉയരാതിരുന്നത് സർക്കാരിനെതിരായ വികാരങ്ങളുടെ പ്രതിഫലനമായാണ് യു.ഡി.എഫ് വിലയിരുത്തുന്നത്. മതന്യൂനപക്ഷങ്ങളുടെ ശക്തികേന്ദ്രങ്ങളിലടക്കം യു.ഡി.എഫിന് കാര്യമായ പിന്തുണ കിട്ടിയിട്ടുണ്ടെന്നവർ വിശ്വസിക്കുന്നു. തീരമേഖലയിലും സമാനസാഹചര്യമാണ് പ്രതീക്ഷ. സർക്കാരിന്റെ ക്ഷേമ, വികസന അവകാശവാദങ്ങൾ ജനങ്ങൾ ഏറ്റെടുത്തെങ്കിലും പോളിംഗ് ഉയർന്നേനെയെന്ന് ചിന്തിക്കാതില്ല. അവസാന മണിക്കൂറുകളിൽ ഉയർന്നുവന്ന ആരോപണവിവാദങ്ങളും ഇരട്ടവോട്ട് പ്രശ്നവും വോട്ടെടുപ്പിൽ പ്രതിഫലിച്ചെന്ന് കണക്കുകൂട്ടുന്ന യു.ഡി.എഫ്, രാഹുൽ പ്രിയങ്ക പ്രചാരണവും തുണയായെന്ന് കണക്കുകൂട്ടുന്നു. വോട്ടെടുപ്പ് ദിവസത്തെ എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായരുടെ പ്രതികരണവും ഗുണമാകുമെന്ന വിലയിരുത്തലുണ്ട്. ഇതെല്ലാം വച്ച് 80നും 90നുമിടയിൽ സീറ്റ് നേടി വിജയിക്കുമെന്നാണ് പ്രതീക്ഷ.
നേമം ഉൾപ്പെടെ മൂന്ന് മുതൽ ആറ് വരെ സീറ്റുകളാണ് എൻ.ഡി.എ പ്രതീക്ഷയെങ്കിലും ശക്തമായ ത്രികോണപ്പോരിന്റെ പ്രതീതിയുണർത്തുന്ന പോളിംഗ് ആവേശം ശതമാനക്കണക്കിൽ പ്രകടമാകാത്തത് അവരിലും ആശങ്കയുയർത്തുന്നുണ്ട്. അതിശക്തമായ ത്രികോണപ്പോരാകുമ്പോൾ അതിന്റെ വീറും വാശിയും വോട്ടെടുപ്പിലും പ്രതിഫലിക്കേണ്ടതാണ്. എന്നാൽ, ഒരുതരം നിസ്സംഗഭാവം പല ജില്ലകളിലും പ്രകടമായതിലാണ് ആശങ്ക. എങ്കിലും മികച്ച പ്രകടനവും പ്രധാനമന്ത്രിയടക്കമുള്ള ദേശീയനേതാക്കളുടെ പ്രചരണവുമെല്ലാം എൻ.ഡി.എക്കനുകൂല സാഹചര്യമൊരുക്കുമെന്ന പ്രതീക്ഷയിലാണവർ. പോളിംഗ് കണക്കിൽ പ്രതീക്ഷയും ആശങ്കയുമായി മുന്നണികൾ 95 വരെയെന്ന് എൽ.ഡി.എഫ്, 80നും 90നുമിടയ്‌ക്കെന്ന് യു.ഡി.എഫ്, 3 6 വരെയെന്ന് എൻ.ഡി.എ നിസ്സംഗഭാവം പല ജില്ലകളിലും പ്രകടമായതിൽ ആശങ്ക.