ബി ജെ പിയുടെ സാദ്ധ്യത തടയാൻ നേമത്തെ എസ് ഡി പി ഐ വോട്ടുകൾ ലഭിച്ചത് ശിവൻകുട്ടിയ്‌ക്ക്; തിരുവനന്തപുരത്ത് ശിവകുമാറിന് വോട്ട് ചെയ്‌തെന്നും വെളിപ്പെടുത്തൽ

Thursday 08 April 2021 7:08 AM IST

തിരുവനന്തപുരം: നേമത്ത് എൽ ഡി എഫിനും തിരുവനന്തപുരത്ത് യു ഡി എഫിനും വോട്ട് ചെയ്‌തുവെന്ന വെളിപ്പെടുത്തലുമായി എസ് ഡി പി‌ ഐ. ബി ജെ പിയുടെ സാദ്ധ്യത തടയാനാണ് രണ്ടുമണ്ഡലങ്ങളിലും ഇരുമുന്നണികളെയും സഹായിച്ചതെന്ന് എസ് ഡി പി ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള പറഞ്ഞു. കഴക്കൂട്ടം ഉൾപ്പടെ പാർട്ടിയ്‌ക്ക് സ്ഥാനാർത്ഥി ഇല്ലാത്തിടത്ത് ഇരുമുന്നണികളും സഹായം തേടിയെന്നും എസ് ഡി പി ഐ വെളിപ്പെടുത്തി.

തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരം നടക്കുകയും ബി ജെ പിക്ക് വിജയസാദ്ധ്യതയുണ്ടെന്ന് വിലയിരുത്തുകയും ചെയ്ത രണ്ടു മണ്ഡലങ്ങളിലാണ് എസ് ഡി പി ഐ രാഷ്ട്രീയതീരുമാനപ്രകാരം വോട്ടുചെയ്‌തത്. നേമത്ത് കുമ്മനത്തിന്റെ വിജയം തടയാൻ ഇടതുപക്ഷമാണ് ഉചിതമെന്ന് തിരിച്ചറിഞ്ഞാണ് വി ശിവൻകുട്ടിക്ക് ഒപ്പം നിന്നത്. പതിനായിരം വോട്ട് നേമത്തുണ്ടെന്നാണ് അവകാശവാദം. തിരുവനന്തപുരത്തെ മൂവായിരത്തോളം സ്വന്തം വോട്ട് വി എസ്.ശിവകുമാറിന് വിജയം ഉറപ്പിക്കുന്നതാണെന്ന് എസ് ഡി പി ഐ സൂചിപ്പിച്ചു.

കഴക്കൂട്ടത്ത് ബി ജെ പിയെ തോൽപ്പിക്കാൻ പ്രവർത്തകർ മനസാക്ഷിവോട്ട് ചെയ്‌തെന്നും എസ് ഡി പി ഐ അവകാശപ്പെട്ടു. എസ് ഡി പി ഐ മത്സരിച്ച നെടുമങ്ങാടും വാമനപുരത്തും ഒഴികെ ഇരുമുന്നണികളും എസ് ഡി പി ഐയോട് വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തുന്നു. എസ് ഡി പി ഐ വോട്ടുകൾ വേണ്ടെന്ന മുന്നണികളുടെ പ്രഖ്യാപനത്തിന് പിന്നാലെ വന്ന സംഘടനയുടെ വെളിപ്പെടുത്തൽ സംസ്ഥാനത്ത് പുതിയ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കും.