'ആദ്യം പ്രതികളെ പിടികൂടൂ, എന്നിട്ടാവാം യോഗം'; കണ്ണൂരിൽ സർവകക്ഷിയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്
കണ്ണൂർ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ കണ്ണൂർ ജില്ലയിലെ പാനൂരിൽ സമാധാനം പുനസ്ഥാപിക്കാൻ ജില്ലാ കളക്‌ടർ വിളിച്ചു ചേർത്ത യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്. പാനൂർ പുല്ലുകരയിലെ മൻസൂർ വധക്കേസിൽ ശക്തമായ നടപടി പൊലീസ് സ്വീകരിച്ചില്ലെന്ന് യുഡിഎഫിന് ആക്ഷേപമുണ്ട്. സംഭവം നടന്നയുടൻ നാട്ടുകാർ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടുളളത്. മറ്റുളളവരെ പിടിക്കാത്തതിൽ യുഡിഎഫിൽ വൻ പ്രതിഷേധം പുകയുകയാണ്.
പൊലീസിൽ നിന്ന് നീതി ലഭിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല. കൊലക്കേസ് പ്രതികളെ പിടിക്കാതെ സിപിഎം ഓഫീസ് ആക്രമിച്ചെന്ന് പറഞ്ഞ് ലീഗ് പ്രവർത്തകരെ പിടികൂടുകയാണ്. ഇവരെ പൊലീസ് വാഹനത്തിലും കസ്‌റ്റഡിയിലും മർദ്ദിക്കുന്നു. ഇന്ന് എസ്.എസ്.എൽ.സി പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും കസ്‌റ്റഡിയിലെടുക്കുന്നു. മൻസൂറിന്റെ മയ്യത്ത് നമസ്‌കാരം കഴിഞ്ഞ് മടങ്ങവെയാണ് ഈ കുട്ടിയെ കസ്‌റ്റഡിയിലെടുത്തത്. കേണപേക്ഷിച്ചിട്ടും പൊലീസ് കുട്ടിയെ വിട്ടില്ലെന്ന് യോഗം ബഹിഷ്‌കരിച്ച വിവരം അറിയിച്ച് യുഡിഎഫ് നേതാക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മൻസൂർ വധക്കേസിൽ പങ്കുളളവരെ പിടികൂടാത്ത പൊലീസിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ക്രമസമാധാന നില തകരാതിരിക്കാനുളള എല്ലാ ശ്രമങ്ങളോടും യുഡിഎഫ് സഹകരിക്കുമെന്നും നേതാക്കളായ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, ലീഗ് നേതാവ് അബ്‌ദുൾ ഖാദർ മൗലവി എന്നിവർ പറഞ്ഞു.
യുഡിഎഫ് ബഹിഷ്‌കരിച്ചെങ്കിലും കളക്‌ടറുടെ അദ്ധ്യക്ഷതയിൽ യോഗം ആരംഭിച്ചു. എൽഡിഎഫ്, ബിജെപി നേതാക്കൾ, പൊലീസ് കമ്മീഷണർ, റൂറൽ എസ്‌പി എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.