വീണ എസ് നായരുടെ പ്രചാരണ പോസ്റ്റർ ആക്രിക്കടയിൽ; ബിജെപിയെ ജയിപ്പിക്കാനുള്ള ശ്രമമെന്ന് വികെ പ്രശാന്ത്

Thursday 08 April 2021 7:51 PM IST

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ് നായരുടെ ഉപയോഗിക്കാത്ത തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ ആക്രിക്കടയിൽ വിൽപ്പനയ്ക്ക്. തിരുവനന്തപുരത്തെ നന്തൻകോട്ടെ വൈഎംആർ ജംഗ്ഷനിലുള്ള ആക്രിക്കടയിലാണ് സ്ഥാനാർത്ഥിയുടെ ഉപയോഗിക്കുന്ന പോസ്റ്ററുകൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നതായി കണ്ടെത്തിയത്. 50 കിലോയോളം തൂക്കം വരുന്ന പോസ്റ്ററുകളാണ് കടയിൽ കെട്ടിക്കിടക്കുന്നത്.

തനിക്ക് പരിചയമുള്ള ഒരാളാണ് പോസ്റ്ററുകൾ ഇവിടേക്ക് കൊണ്ടുവന്നതെന്നാണ് കടക്കാരൻ പറയുന്നത്. 'ബാബു' എന്നാണ് കൊണ്ടുവന്നയാളുടെ പേരെന്നും കിലോ പത്ത് രൂപ എന്ന കണക്കിലാണ് പോസ്റ്ററുകൾ താൻ അയാളിൽ നിന്നും വാങ്ങിയതെന്നും കടക്കാരൻ പറയുന്നു.

വട്ടിയൂർക്കാവിലെ മറ്റ് സ്ഥാനാർത്ഥികളായ ഇടതുമുന്നണിയുടെ വികെ പ്രശാന്ത്. എൻഡിഎയുടെ വിവി രാജേഷ് പ്രചാരണവുമായി താരതമ്യം ചെയ്യുമ്പോൾ വീണയുടെ പോസ്റ്ററുകളും ബോർഡുകളും താരതമ്യേന കുറഞ്ഞ അളവിലാണ് പ്രചാരണത്തിനായി ഉപയോഗിക്കപ്പെട്ടത്.

മണ്ഡലത്തിൽ വീണ എസ് നായർ മത്സരരംഗത്തില്ല എന്ന് ഇവിടത്തെ എംഎൽഎ കൂടിയായ വികെ പ്രശാന്ത് നേരത്തെ ആരോപിച്ചിരുന്നു. യുഡിഎഫ് ഇവിടെ ബിജെപിയെ ജയിപ്പിക്കാനായി പ്രവർത്തിച്ചു എന്ന തന്റെ ആരോപണം ആക്രിക്കടയിൽ കെട്ടിക്കിടക്കുന്ന പോസ്റ്ററുകൾ ശരിവയ്ക്കുന്നു എന്നാണ് വികെ പ്രശാന്ത് ഈ സംഭവത്തോട് പ്രതികരിച്ചത്. വീണ എസ് നായർ ഈ വിഷയത്തിൽ ഇനിയും പ്രതികരിച്ചിട്ടില്ല.