കോൺഗ്രസും ഖമറുദ്ദീനും വോട്ട് മറിച്ചെന്ന് സി.പി.എം 

Friday 09 April 2021 12:09 AM IST

കാസർകോട്: മഞ്ചേശ്വരത്ത് കോൺഗ്രസിലെ ഒരു വിഭാഗവും മുസ്ലിംലീഗിലെ എം.സി. ഖമറുദ്ദീൻ വിഭാഗവും വോട്ട് മറിച്ചതായി ആരോപിച്ച് സി.പി.എം. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും അതിനെ പിന്തുണച്ചുള്ള ഖമറുദ്ദീന്റെയും ബി.ജെ.പി അനുകൂല പ്രസ്താവന ഇതിനു തെളിവാണെന്നും സി.പി.എം പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിലെ വിജയത്തിൽ ആശങ്കയുണ്ടെന്നും സി.പി.എം ബി.ജെ.പിക്ക് വോട്ട് മറിച്ചുവെന്നുമുള്ള മുല്ലപ്പള്ളിയുടെ പ്രസ്താവന മുൻകൂർ ജാമ്യമെടുക്കലാണെന്ന ആരോപണവുമായി സി.പി.എം കുമ്പള ഏരിയ സെക്രട്ടറി സി.കെ. സുബൈർ രംഗത്തുവന്നു. മണ്ഡലത്തിൽ മൂന്നു മുന്നണികളും അതിശക്തമായി മത്സരിച്ചിട്ടുണ്ട്. ലീഗും ബി.ജെ.പിയും ജനങ്ങളെ മതപരമായി വിഭജിച്ച് വോട്ട് തേടിയപ്പോൾ മതേതരത്വത്തിനും വികസനത്തിനുമായിരുന്നു എൽ.ഡി.എഫ് വോട്ട് ചോദിച്ചതെന്നും സി.പി.എം പറയുന്നു.

പോളിംഗിന് തൊട്ടുമുമ്പ് മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും കടകവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞത് കൃത്യമായ ലക്ഷ്യത്തോടെയായിരുന്നു. മുല്ലപള്ളി ഇടതുസഹായം തേടിയപ്പോൾ ഉമ്മൻചാണ്ടി അതു നിരാകരിക്കാനാണ് തയ്യാറായത്. എന്നാൽ മഞ്ചേശ്വരം മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ യു.ഡി.എഫിന്റെ പ്രധാന നേതാക്കൾ ആരും എത്തിയിരുന്നില്ല. രാഹുൽ ഗാന്ധിയുടെ റോഡ് ഷോ റദ്ദ് ചെയ്തതിന്റെ പിന്നിൽ ആരായിരുന്നുവെന്നും സുബൈർ ചോദിക്കുന്നു. എന്തുകൊണ്ടാണ് ഉമ്മൻചാണ്ടിയോ ചെന്നിത്തലയോ മണ്ഡലത്തിൽ വരാതിരുന്നതെന്നും രാജ് മോഹൻ ഉണ്ണിത്താൻ എത്ര പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും എം.സി. ഖമറുദ്ദീൻ എന്തു കൊണ്ട് ഒളിച്ചുകളിച്ചുവെന്നും സുബൈർ ചോദിക്കുന്നു. ആരാണ് കോൺഗ്രസ് നേതാക്കളെ അക്രമിക്കാൻ യൂത്ത് ലീഗുകാരെ ചട്ടം കെട്ടിയതെന്ന ചോദ്യത്തിന് മുല്ലപ്പള്ളി ഉത്തരം പറയണം. അതിനോട് ചേർന്ന് ഖമറുദ്ദീൻ കൂടി പറഞ്ഞപ്പോൾ കാര്യങ്ങൾ വ്യക്തമാണെന്ന് സുബൈർ പറഞ്ഞു.

സ്വന്തം വോട്ട് ചോർത്തി ബി.ജെ.പിക്ക് നൽകി സുരേന്ദ്രനെ ജയിപ്പിക്കാൻ തീരുമാനിച്ചത് ഖമറുദ്ദീൻ ഇ.ഡി. അന്വേഷണം തടയാനാണെന്ന് ലീഗ് നേതാക്കൾ തന്നെ അടക്കം പറയുന്നുണ്ട്. 1991 ലും 2001 ലും പരാജയപ്പെട്ട കോ-ലീ-ബി സഖ്യത്തിന്റെ മറ്റൊരു രൂപമാണ് ഇക്കുറി മഞ്ചേശ്വരത്ത് പയറ്റിയത്. സ്വന്തം വോട്ട് നൽകി സി.പി.എമ്മിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാമെന്നതു വെറും വ്യാമോഹം മാത്രമാണ്. ആരൊക്കെ വോട്ട് മറിച്ചാലും മഞ്ചേശ്വരം ബി.ജെ.പിയെ തടയുമെന്നും അത് ഇടതുപക്ഷത്തിന്റെ ഉറപ്പാണെന്നും സുബൈർ പറയുന്നു.