തപാൽ വോട്ടിൽ വ്യാപകമായ തിരിമറിയെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ്; കൊല്ലത്തും പാറശാലയിലും ഉദ്യോഗസ്ഥർക്ക് രണ്ടാമതും ബാല‌റ്റ് ലഭിച്ചു

Friday 09 April 2021 3:09 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പിൽ തപാൽ വോട്ടിൽ വ്യാപകമായി തിരിമറി നടന്നെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കമ്മിഷനോട് ഇത് തടയാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നും ചെന്നിത്തല ആരോപിച്ചു.

സംസ്ഥാനത്തെ മൂന്നരലക്ഷം ഉദ്യോഗാർത്ഥികളുടെ വോട്ടിലും ഇരട്ടിപ്പുണ്ട്. പ്രത്യേക കേന്ദ്രത്തിൽ വോട്ട് രേഖപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് വീട്ടിലെയും ഓഫീസിലെയും വിലാസത്തിൽ ബാല‌റ്റുകൾ പിന്നെയും വരുന്നുണ്ട്. ഇത് സംഭവിക്കാൻ പാടില്ലാത്തതാണ്. ഇവരെ മാർക്ക് ചെയ്‌ത് ഒഴിവാക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് വീഴ്‌ച‌പറ്റി. നിലവിൽ ആകെ തപാൽ വോട്ടിന്റെയത്ര ഇരട്ടിപ്പ് സംഭവിച്ചിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന് അഞ്ച് നിർദ്ദേശങ്ങളടങ്ങിയ പരാതി ചെന്നിത്തല സമർപ്പിച്ചു.

തപാൽ വോട്ടിലെ ഇരട്ടിപ്പ് കണ്ടെത്തണമെന്നും രണ്ടാമത് ചെയ്‌ത വോട്ട് എണ്ണരുതെന്നും ലിസ്‌‌റ്റിലെ ഉദ്യോഗസ്ഥരുടെ പേര് പ്രസിദ്ധീകരിക്കണമെന്നും ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. എത്ര ബാല‌റ്റ് യൂണി‌റ്റുകൾ പ്രിന്റ് ചെയ്‌തെന്നും ബാക്കി എത്രയെന്നും പുറത്ത്‌വിടണം: പ്രതിപക്ഷ നേതാവ് പറഞ്ഞു. 80 വയസ് കഴിഞ്ഞവരുടെ വോട്ടുകൾ സീൽ ചെയ്യാതെ ക്യാരി ബാഗിലിട്ടു. ഇതിനുവേണ്ടി ഇടത് അനുഭാവമുള‌ളവരെ ദുരുപയോഗം ചെയ്‌തെന്നും ചെന്നിത്തല ആരോപിച്ചു.

അതിനിടെ പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് സമാനമായി കൊല്ലത്ത് തപാൽ വോട്ട് രേഖപ്പെടുത്തിയ അദ്ധ്യാപകന് വീണ്ടും തപാൽ ബാല‌റ്റ് ലഭിച്ചു. തഴവ എച്ച്.എസ്.എസിലെ അദ്ധ്യാപകനായ കെ.ബാബുവിനാണ് വീണ്ടും ബാല‌‌റ്റ് ലഭിച്ചത്. സമാനമായ തരത്തിൽ പലർക്കും ബാല‌റ്ര് കിട്ടിയതായി സംശയമുണ്ട്. പാറശാലയിലും പ്രത്യേക കേന്ദ്രത്തിൽ വോട്ട് ചെയ്‌ത ഉദ്യോഗസ്ഥന് വീണ്ടും തപാൽ ബാല‌റ്റ് കിട്ടി. ആക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൊല്ലത്തെ സംഭവം അന്വേഷിക്കാൻ റിട്ടേണിംഗ് ഓഫീസറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്‌ടറും അറിയിച്ചു.