ആലുവ യു.സി കോളേജ്: ഡോ. താര സൈമണിന്റെ നിയമനം സർവകലാശാല അംഗീകരിക്കണമെന്ന് ഹൈക്കോടതി

Saturday 10 April 2021 12:57 AM IST

കൊച്ചി: ആലുവ യു.സി കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. താര സൈമണിനെ പ്രിൻസിപ്പലായി നിയമിച്ച നടപടിക്ക് എം.ജി സർവകലാശാല ഒരു മാസത്തിനകം അംഗീകാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിയമനത്തീയതിയായ 2018 ഏപ്രിൽ ഒന്നു മുതലുള്ള അംഗീകാരം നൽകാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി. യു.ജി.സി വ്യവസ്ഥയനുസരിച്ചുള്ള അക്കാഡമിക് പെർഫോമൻസ് ഇൻഡിക്കേറ്റർ (എ.പി.ഐ) സ്കോർ 400 ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർവകലാശാല ഡോ. താരയുടെ നിയമനം അംഗീകരിക്കാതിരുന്നത്. ഇതിനെതിരെ താര നൽകിയ ഹർജിയിൽ എം.ജി സർവകലാശാലയോടു തീരുമാനം പുന:പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. വിഷയം പുന:പരിശോധിച്ചെങ്കിലും സർവകലാശാല പ്രിൻസിപ്പൽ നിയമനത്തിന് അംഗീകാരം നൽകിയില്ല. ഹർജിക്കാരി സിംഗിൾബെഞ്ചിനെ സമീപിച്ചെങ്കിലും ഇടപെട്ടില്ല. തുടർന്നു നൽകിയ അപ്പീലിലാണ് ഇവരുടെ നിയമനം അംഗീകരിക്കാൻ ഡിവിഷൻ ബെഞ്ച് വിധിച്ചത്.