ആശ്വാസം പകർന്ന് പനനൊങ്ക്

Saturday 10 April 2021 12:58 AM IST

കോലഞ്ചേരി: മീനച്ചൂടിൽ വെന്തുരുകുന്ന നാടിന് അതിർത്തി കടന്നെത്തുന്ന നൊങ്ക് ആശ്വാസം പകരുന്നു. നഗര,ഗ്രാമീണ മേഖലകളിൽ ചൂട് കൂടിയതോടെ പന നൊങ്കിന്റെ വില്പനയും കൂടി. പാലക്കാടൻ താരമായിരുന്ന നൊങ്കിപ്പോൾ ഈ നാട്ടുകാർക്കും പ്രിയ വിഭവമാണ്. മായങ്ങളൊന്നും ചേരാത്തതിനാൽ നൊങ്കിന് ആവശ്യക്കാരും കൂടുതലാണ്. ഇവ കൂടുതലും എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. 100 രൂപയ്ക്ക് മൂന്നെണ്ണം ലഭിക്കും. വഴിയോരങ്ങളിൽ കരിക്കിനും, തണ്ണിമത്തനുമൊപ്പം നൊങ്കു കൂടി വിൽക്കുന്ന സ്റ്റാളുകളാണ് അധികവും. ചിലയിടങ്ങളിൽ നൊങ്ക് മാത്രമായി ലഭിക്കുമ്പോൾ നൊങ്കും പഴവർഗങ്ങളും ചേർത്ത് ജ്യൂസായി നൽകുന്ന സ്ഥലങ്ങളുമുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് ലോറിയിൽ നൊങ്കുകൾ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരുണ്ട്. ഇവരുടെ തന്നെ വില്പനക്കാരുമുണ്ട്. ആവശ്യക്കാർക്ക് ഇറക്കി കൊടുത്ത് വൈകിട്ട് പണം വാങ്ങുന്നവരുമുണ്ട്. പാലക്കാടു മുതൽ കൂടുതലായി കാണുന്ന കരിമ്പനകളിൽ നിന്നുമാണ് നൊങ്ക് ശേഖരിക്കുന്നത്.ചൂടുകാലത്ത് നൊങ്കാണ് താരമെങ്കിലും ഇളനീരിന്റെയും തണ്ണിമത്തന്റെയും വില്പനയും തകൃതിയാണ്.

ജ്യൂസിലും കേമൻ

മ​റ്റ് പാനീയങ്ങളെക്കാൾ നല്ലതും ആരോഗ്യകരവും ഈ പ്രകൃതിദത്ത വിഭവങ്ങളായതിനാൽ ആവശ്യക്കാരും കൂടുതലാണ്. പന നൊങ്കിന്റെ പൾപ്പ് നേരിട്ടോ അല്ലെങ്കിൽ അൽപം പഞ്ചസാരയും വെള്ളവും ചേർത്ത് മിക്‌സിയിലിട്ട് അടിച്ച് ജ്യൂസ് ആക്കിയും ഉപയോഗിക്കും.നൊങ്ക് ജ്യൂസിന് ഗ്ലാസൊന്നിന് അറുപത് രൂപ വരെ വിലയുണ്ട്. ചൂടുകാലത്ത് നൊങ്ക് കഴിക്കുന്നത് ദാഹമകറ്റുന്നതോടൊപ്പം ആരോഗ്യ ദായകവുമാണത്രെ.

ഇനി ക്ഷാമം നേരിടും

പനകയറാൻ പുതിയ തലമുറയിൽപ്പെട്ടവർ കുറവായതിനാലും കൂലി വർദ്ധനവും തമിഴ്‌നാട്ടിൽ പനകൾ മുറിച്ച് മ​റ്റ് കൃഷികളിലേക്കു തിരിയുകയും ചെയ്തതോടെ ഏക്കറുകണക്കിന് പനകൾ വെട്ടിമാ​റ്റി. ഇതോടെ നൊങ്കിനും ക്ഷാമമായിത്തുടങ്ങിയതായി വ്യാപാരികൾ പറയുന്നു.