കൊവിഡിൽ ഉലഞ്ഞ് ഓഹരിവിപണിയും സെൻസെക്‌സ് ക്ലോസ് ചെയ്തത് 155 പോയിന്റ് നഷ്ടത്തിൽ നിഫ്റ്റി 14,850ന് താഴെയെത്തി
മുംബയ്: മൂന്നുദിവസത്തെ നേട്ടത്തിനൊടുവിൽ വ്യാപാര ആഴ്ചയുടെ അവസാനദിവസമായ ഇന്നലെ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്‌ചെയ്തു. ആഗോള കാരണങ്ങളോടൊപ്പം രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം വൻതോതിൽകൂടിയതും വാക്‌സിൻ വിതരണത്തിലെ തടസവുമാണ് വിപണിയെ ബാധിച്ചത്. സെൻസെക്‌സ് 155 പോയിന്റ് നഷ്ടത്തിൽ 49,591 നിലവാരത്തിലാണ് ക്ലോസ്‌ചെയ്തത്. നിഫ്റ്റിയാകട്ടെ 39 പോയന്റ് താഴ്ന്ന് 14,834 നിലവാരത്തിലുമെത്തി.
ബജാജ് ഫിനാൻസ്, അൾട്രടെക് സിമെന്റ്, എൻ.ടി.പി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, ടൈറ്റാൻ കമ്പനി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്.സി.എൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ഫാർമ സൂചിക മൂന്നുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനവും. മെറ്റൽ, ഇൻഫ്ര, ഓട്ടോ സൂചികകൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.