കെ ടി അദീബിന് വേണ്ടി യോഗ്യത മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ മന്ത്രി ആവശ്യപ്പെട്ടു; ജലീലിന്റെ കത്ത് പുറത്ത്

Saturday 10 April 2021 9:25 AM IST

കൊച്ചി: മന്ത്രി കെ ടി ജലീൽ തന്റെ ബന്ധുവായ കെ ടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച്‌ യോഗ്യതാ മാനദണ്ഡം മാറ്റാൻ ആവശ്യപ്പെട്ട് നൽകിയ കത്ത് പുറത്ത്. മന്ത്രിയായി ചുമതലയേറ്റ് രണ്ട് മാസമായപ്പോഴാണ് ജലീൽ കത്ത് നൽകിയത്. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 29-6-2013ൽ കൃത്യമായ യോഗ്യത നിശ്ചയിച്ചിരുന്നു. ഈ ഉത്തരവിൽ മറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് 26-7-2016ൽ ജി ഐ ഡി സെക്രട്ടറിക്ക് മന്ത്രി കത്ത് നൽകിയത്.

മന്ത്രിയുടെ കീഴിലുളള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ നിയമനത്തിനുളള യോഗ്യതയിൽ മാറ്റം വരുത്താനാണ് കത്ത് നൽകിയത്. ബന്ധുവായ കെ ടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് ഈ തസ്‌തിക മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു. ജനറൽ മാനേജറുടെ യോഗ്യത ബി ടെക് വിത്ത് പി ജി ഡി ബി എ എന്ന് കൂടി മാറ്റി യോഗ്യത നിശ്ചയിക്കണമെന്നാണ് ജലീൽ ആവശ്യപ്പെട്ടത്. മന്ത്രിയുടെ ബന്ധുവായ കെ ടി അദീബിന്റെ യോഗ്യത ഇതായിരുന്നു. തൊട്ടുപിന്നാലെ ഈ കത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി ഉത്തരവ് ഇറക്കുകയായിരുന്നു.

സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയെ മാറ്റണമെന്ന് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചത്. ലോകായുക്തയ്‌ക്ക് മുന്നിൽ ഈ കത്ത് കൃത്യമായ തെളിവായി എത്തിയതാണ് മന്ത്രി കെ ടി ജലീൽ അധികാരദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ബോദ്ധ്യപ്പെടാനുണ്ടായ കാര്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത ആക്‌ട് സെക്ഷൻ 14 പ്രകാരം മന്ത്രി കെ ടി ജലീലിനെ നീക്കണമെന്ന ഉത്തരവ്.