സ്പീക്കർ പദവിക്ക് യോഗ്യനല്ല: മുല്ലപ്പള്ളി

Sunday 11 April 2021 12:19 AM IST

തിരുവനന്തപുരം: ഡോളർക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്ത സാഹചര്യത്തിൽ അദ്ദേഹം പദവിയിൽ തുടരുന്നത് ഉചിതമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തിട്ടും അത് രഹസ്യമാക്കി സൂക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. കേരള ചരിത്രത്തിലാദ്യമാണ് സ്പീക്കറെ കേന്ദ്രീകരിച്ച് ഇത്രയും ഗുരുതര ആരോപണം ഉയരുന്നത്. ഡോളർക്കടത്തിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന മൊഴി നൽകിയെങ്കിലും ആ വഴിക്ക് ഒരന്വേഷണവും നടക്കുന്നില്ല. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം നീളാതിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്.

എല്ലാ കൊള്ളരുതായ്മക്കും കൂട്ടുനിൽക്കുന്ന പ്രസ്ഥാനമായി സി.പി.എം മാറി. ജനങ്ങളോട് ഒരു പ്രതിബദ്ധതയും സി.പി.എമ്മിനില്ല. ധാർമ്മികമൂല്യങ്ങൾ സി.പി.എമ്മിൽ നിന്നും അകന്നു പോയിയെന്നതിന് തെളിവാണ് സ്പീക്കർക്കും മന്ത്രി ജലീലിനും നൽകുന്ന സംരക്ഷണമെന്നും മുല്ലപ്പള്ളി പറഞ്ഞു.