എം.എ. യൂസഫലിക്ക് അബുദാബിയുടെ ഉന്നത സിവിലിയൻ ബഹുമതി

Sunday 11 April 2021 12:48 AM IST

അബുദാബി: ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫലിക്ക് അബുദാബി സർക്കാരിന്റെ ഉന്നത സിവിലിയൻ ബഹുമതിയായ 'അബുദാബി അവാർഡ് സമ്മാനിച്ചു.

അബുദാബിയുടെയും യു.എ.ഇയുടെയും വാണിജ്യ, വ്യവസായ മേഖലകളിലെ സംഭാവനകളും ജീവകാരുണ്യ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡ്. അബുദാബി അൽ ഹൊസൻ പൈതൃക മന്ദിരത്തിൽ നടന്ന ചടങ്ങിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്‌ക് മുഹമ്മദ് ബിൻ സായീദ് അൽ നഹ്യാൻ പുരസ്‌കാരം സമ്മാനിച്ചു.

രണ്ടുവർഷത്തിലൊരിക്കൽ നൽകുന്ന അവാർഡിന് ഇക്കുറി അർഹരായ 12 പേരിൽ ഏക ഇന്ത്യക്കാരനാണ് എം.എ. യൂസഫലി. പ്രവാസി ഭാരതീയ സമ്മാൻ, പദ്മശ്രീ, ബഹ്‌റിൻ രാജാവിന്റെ ഓർഡർ ഒഫ് ബഹ്‌റിൻ, ബ്രിട്ടീഷ് രാജ്‌ഞിയുടെ ക്വീൻസ് പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾക്ക് ഉടമയാണ് എം.എ. യൂസഫലി. യു.എ.ഇ., സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ പ്രവാസികൾക്ക് നൽകുന്ന ആദ്യത്തെ ആജീവനാന്ത താമസ വിസയ്ക്ക് അർഹനായതും യൂസഫലിയാണ്.

ഏറെ അഭിമാനം, ബഹുമതി പ്രവാസികൾക്ക്: യൂസഫലി

ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ഈ ബഹുമതിയെ കാണുന്നതെന്ന് എം.എ. യൂസഫലി പറഞ്ഞു. 1973 ഡിസംബർ 31നാണ് ഞാൻ യു.എ.ഇയിലെത്തിയത്. 43 വർഷമായി അബുദാബിയിലാണ് താമസം. ഒട്ടേറെ വെല്ലുവിളികളും കയറ്റിറക്കങ്ങളും പിന്നിട്ടാണ് ഇന്നത്തെ നിലയിലെത്തിയത്. യു.എ.ഇ ഭരണാധികാരികളുടെയും സ്വദേശികളുടെയും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെയും പിന്തുണയും പ്രാർത്ഥനയുമാണ് എന്റെ കരുത്ത്. ഈ ബഹുമതി ഞാൻ പ്രവാസി സമൂഹത്തിന് സമർപ്പിക്കുന്നു - യൂസഫലി പറഞ്ഞു.