ശരണമന്ത്രങ്ങളുമായി ​ഗവ‌ർണർ അയ്യപ്പസന്നിധിയിൽ, ഇരുമുടിക്കെട്ട് നിറച്ച് മലകയറ്റം; സുരക്ഷാവലയത്തിൽ ശബരിമല

Sunday 11 April 2021 8:20 PM IST

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്താനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പമ്പയിലെത്തി. ഇന്നു വൈകിട്ട് നാലുമണിയോടെയാണ് പമ്പ ഗസ്റ്റ് ഹൗസില്‍ എത്തിയത്. പമ്പ ഗണപതികോവിലില്‍ നിന്നും നിറച്ച ഇരുമുടിക്കെട്ടുമായാകും അദ്ദേഹം മലകയറുക. ഗവര്‍ണറുടെ സന്ദര്‍ശനം പ്രമാണിച്ച് ദേവസ്വം ബോർ‌ഡ് പ്രസിഡന്റ് എന്‍. വാസു ഉള്‍പ്പെടെയുള്ള ദേവസ്വം ഭാരവാഹികള്‍ ശബരിമലയില്‍ എത്തിയിട്ടുണ്ട്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ വൈകിട്ട് 5.30 ന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റിയാണ് നടതുറന്നത്. ശ്രീലകത്ത് ദീപം തെളിച്ചശേഷം അയ്യപ്പസ്വാമിയെ ധ്യാനനിദ്ര‌യിൽനിന്നുണർത്തി. ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം പകർന്ന ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി ജ്വലിപ്പിച്ചു. ഇന്നലെ പ്രത്യേക പൂജകൾ ഇല്ലായിരുന്നു. ഇന്ന് പുലർച്ചെ മുതൽ ഭക്തർക്ക് ദർശനം ലഭിക്കും. സന്നിധാനത്തെ ബലിക്കൽപ്പുരയുടെയും നമസ്കാരമണ്ഡപത്തിന്റെയും മുകളിൽ സ്ഥാപിക്കുന്നതിനുള്ള ശില്പങ്ങളുടെ സമർപ്പണം ഇന്ന് സന്നിധാനത്ത് നടക്കും. ബലിക്കൽപ്പുരയുടെ മുകൾ ഭാഗത്ത് അഷ്ടദിക്പാലകരുടെയും നമസ്കാര മണ്ഡപത്തിന് മുകളിൽ നവഗ്രഹങ്ങളുടെയും ദാരുശില്പങ്ങളാണ് സ്ഥാപിക്കുന്നത്.

ഗുരുവായൂർ എടവള്ളി സ്വദേശി നന്ദനനാണ് തേക്കുതടിയിൽ ശില്പം കൊത്തിയെടുത്തത്. നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, സുഹൃത്തുക്കളായ പോപ്പുലർ അപ്പളം ഗ്രൂപ്പ് എം. ഡി വിജയകുമാർ, പ്രദീപ് കുമാർ ചെന്നൈ, അത്താച്ചി സുബ്രഹ്മണ്യൻ, അപ്പുണ്ണി ദുബയ് എന്നിവർ ചേർന്നാണ് വഴിപാടായി സമർപ്പിക്കുന്നത്. 14 നാണ് വിഷുക്കണി ദർശനം. അന്ന് പുലർച്ചെ 5ന് നട തുറന്ന് അയ്യപ്പസ്വാമിയെ വിഷുക്കണി കാണിക്കും. അതിനു ശേഷം ഭക്തർക്ക് കണി ദർശിക്കാം. 18 ന് രാത്രി നടഅടയ്ക്കും.