ശബരിമലയിൽ ദാരുശില്പങ്ങൾ സമർപ്പിച്ചു

Sunday 11 April 2021 11:31 PM IST

ശബരിമല: സന്നിധാനത്ത് ബലിക്കൽപ്പുരയുടെ മുകൾ ഭാഗത്ത് അഷ്ടദിക്പാലകരുടെയും നമസ്‌കാര മണ്ഡപത്തിന്റെ സ്ഥാനത്ത് മുകളിൽ നവഗ്രഹങ്ങളുടെയും ദാരുശില്പങ്ങൾ സമർപ്പിച്ചു. തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ ചടങ്ങുകൾ നടന്നു. പതിനെട്ട് കള്ളികളിലായാണ് ശില്പങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. പുഷ്പങ്ങളും വള്ളികളും മറ്റലങ്കാരങ്ങളും ഇതിനോടൊപ്പം നിർമ്മിച്ചിട്ടുണ്ട്. ദാരുശില്പി എളവള്ളി നന്ദനാണ് തേക്ക് മരത്തിൽ നിർമിച്ചത്. ഗുരുവായൂരിനടുത്തുള്ള എളവള്ളിയിലെ പണിപ്പുരയിലാണ് ശില്പങ്ങൾ രൂപകല്പന ചെയ്തത്. കൈകണക്കുകൾ തയ്യാറാക്കിയത് ദേവസ്വം ബോർഡിന്റെ
സ്ഥപതി മനോജ് എസ്. നായരാണ്. ദേവസ്വം കമ്മിഷണർ ബി.എസ്. തിരുമേനി, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാര വാര്യർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ നായർ, മേൽശാന്തി വി.കെ. ജയരാജ് പോറ്റി തുടങ്ങിയവർ സംബന്ധിച്ചു. നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, സുഹൃത്തുക്കളായ പോപ്പുലർ അപ്പളംഗ്രൂപ്പ് വിജയകുമാർ, പ്രദീപ് കുമാർ ചെന്നൈ, അത്താച്ചി സുബ്രമണ്യൻ അത്താച്ചി ഗ്രൂപ്പ് പാലക്കാട്, അപ്പുണ്ണി ദുബായ് എന്നിവർ ചേർന്നാണ് ശില്പങ്ങൾ സമർപ്പിച്ചിരിക്കുന്നത്. അയ്യപ്പന്റെ നടയിൽ ഗോപു നന്തിലത്ത് പണക്കിഴി സമർപ്പിച്ചു.