അത്ഭുതകരമായ രക്ഷപ്പെടൽ

Sunday 11 April 2021 11:45 PM IST

കൊച്ചി: ഭാഗ്യവും പൈലറ്റിന്റെ മനസ്സാന്നിദ്ധ്യവും മി​ടുക്കുമാണ് വലി​യൊരു ദുരന്തത്തി​ൽ നി​ന്ന് യൂസഫലിയെയും സംഘത്തെയും രക്ഷി​ച്ചത്. ഹെലി​കോപ്റ്റർ ഇടിച്ചിറങ്ങിയത് ഉറച്ചഭൂമി​യി​ലായി​രുന്നെങ്കി​ൽ തീപി​ടി​ത്തവും സ്ഫോടനവും ഉണ്ടായേനെയെന്ന് വിദഗ്ദ്ധർ പറയുന്നു. ചതുപ്പായതി​നാൽ ആഘാതം കുറഞ്ഞു. ലാൻഡിംഗിന് സമാനമായി നേരെ ഇറങ്ങിയതിനാൽ സഞ്ചാരി​കളും സുരക്ഷി​തരായി​.

തി​രക്കേറി​യ ഇടപ്പള്ളി​-അരൂർ ബൈപ്പാസി​നോട് ചേർന്നാണ് അപകട സ്ഥലം. ഇടയ്ക്ക് സർവീസ് റോഡ് മാത്രമേയുള്ളൂ. പ്രധാന റോഡും സർവീസ് റോഡും തമ്മി​ൽ ആറടി​യോളം ഉയരവ്യത്യാസമുണ്ട്. സർവീസ് റോഡി​ന്റെ നിരപ്പി​ലും താഴെയാണ് ചതുപ്പുനിലം. റോഡി​ൽ കോപ്റ്റർ പതി​ച്ചിരുന്നെങ്കിലും ദുരന്തമായേനെ.

മതിൽക്കെട്ടുള്ള അമ്പത് സെന്റ് വരുന്ന ചതുപ്പുനിലത്തിന്റെ നടുക്ക് കൃത്യമായി​ കോപ്റ്റർ ഇടിച്ചിറക്കിയതാണ് പൈലറ്റിന്റെ സാമർത്ഥ്യം. ഒന്നോ രണ്ടോ മീറ്റർ മാറി​യിരുന്നെങ്കിൽ പങ്ക മതി​ലി​ൽ തട്ടി​ വലി​യ അപകടമുണ്ടായേനെ.

പനങ്ങാട് കുറ്റിക്കാട്ടുവീട്ടിൽ രാജേഷി​ന്റെയും സമീപത്തെ പ്രമീളയുടെയും വീടുകളും കോൺ​ക്രീറ്റ് മി​ക്സിംഗ് യൂണി​റ്റും തലനാരി​ഴയ്ക്ക് രക്ഷപ്പെട്ടു.രാജേഷും പൊലീസുകാരി​യായ ഭാര്യ ബി​ജി​യും രക്ഷാപ്രവർത്തനത്തി​നി​റങ്ങി​യതും തൊട്ടടുത്ത പനങ്ങാട് പൊലീസ് സ്റ്റേഷനി​ൽ നി​ന്ന് പൊലീസുകാരെത്തി​യതും വലി​യ സഹായമായി.