ആക്രിക്കടയിൽ സ്ഥാനാർത്ഥിയുടെ പോസ്റ്റർ: അന്വേഷിക്കാൻ മൂന്നംഗ സമിതി

Monday 12 April 2021 4:24 AM IST

തിരുവനന്തപുരം:വട്ടിയൂർക്കാവ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വീണാ നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റർ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സമതിയെ നിയമിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

കെ.പി.സി.സി ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാം, സെക്രട്ടറിമാരായ എൽ.കെ .ശ്രീദേവി,സതീഷ് കൊച്ചുപറമ്പിൽ എന്നിവരാണ് സമതിയിലുള്ളത്.

പോസ്റ്റർ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് മുല്ലപ്പള്ളി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗുരുതരമായ അച്ചടക്കലംഘനമാണ് നടന്നത് ..ഇതുമായി ബന്ധപ്പെട്ട് നേതാക്കൾക്ക് ആർക്കെങ്കിലും പങ്കുണ്ടോയെന്നും പരിശോധിക്കും.ഡി.സി.സി തലത്തിലും അന്വേഷണം നടക്കുന്നുണ്ട്.അവരുടെ റിപ്പോർട്ട് കൈമാറുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും.പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തുന്നവരെ ഉൾപ്പെടുത്തി ഇനിയും മുന്നോട്ട് പോകാനാവില്ല..

പ്രതിയുടെ ആത്മഹത്യ:

ദുരൂഹത അന്വേഷിക്കണം

മൻസൂർ വധക്കേസിലെ രണ്ടാം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ട്.തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേ​റ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.രതീഷിന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്.സി.പി.എം ആയുധമെടുത്ത് അക്രമങ്ങൾക്ക് നേതൃത്വം കൊടുക്കില്ലെന്ന് പറയാനുള്ള തന്റേടം മുഖ്യമന്ത്രി കാട്ടണം.മന്ത്രി ജലീൽ ബന്ധു നിയമന വിവാദത്തിൽ കു​റ്റക്കാരനെന്ന് ലോകായുക്ത വിധിച്ചിട്ടും മന്ത്രിസഭയിൽ നിന്നും പുറത്താക്കാതെ

കു​റ്റകരമായ അനാസ്ഥയാണ് മുഖ്യമന്ത്രി കാട്ടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.