അപകടത്തിൽ നിന്നും രക്ഷപ്പെട്ട യൂസഫലി രാജകുടുംബം അയച്ച വിമാനത്തിൽ യു എ ഇയിലേക്ക് മടങ്ങി, ദൈവം അവിടെ കൊണ്ടിറക്കിയതുപോലെയാണ് തോന്നിയതെന്ന് പ്രതികരണം

Monday 12 April 2021 10:19 AM IST

കൊച്ചി: കഴിഞ്ഞദിവസമായിരുന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ ചതുപ്പിൽ ഇടിച്ചിറക്കിയത്. കനത്ത മഴയിൽ നിയന്ത്രണം വിടുമെന്ന ഘട്ടത്തിലാണ് ഹെലികോപ്റ്റർ ചതുപ്പിൽ ഇടിച്ചിറക്കിയത്.

യൂസഫലിയെക്കൂടാതെ ഭാര്യ ഷാബിറയും, മൂന്ന് സെക്രട്ടറി​മാരും ഹെലികോപ്റ്ററിലുണ്ടായിരുന്നു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ലായിരുന്നു.'ദൈവം അവിടെ കൊണ്ടിറക്കിയതുപോലെയാണു തോന്നിയത്. വേറെ എവിടെയെങ്കിലും ആയിരുന്നെങ്കിൽ' എന്നുമാണ് മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് യൂസഫലിയ്ക്ക് പറയാനുള്ളത്.

ഇന്ന് പുലർച്ചെ കൊച്ചിയിൽ നിന്നും പ്രത്യേക വിമാനത്തിൽ യൂസഫലിയും കുടുംബവും അബുദാബിക്കു മടങ്ങി. അബുദാബി രാജകുടുംബമാണ് വിമാനം അയച്ചത്. യൂസഫലിയുടെ തുടർ ചികിത്സ വിദേശത്തായിരിക്കുമെന്ന് ലുലു ഗ്രുപ്പ് അറിയിച്ചു.

ലേക്‌ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാൻ കൊച്ചുകടവന്ത്രയി​ലെ വീട്ടി​ലെ ഹെലി​പ്പാഡി​ൽ നി​ന്ന് പുറപ്പെട്ടതായിരുന്നു യൂസഫലി. ബന്ധുവി​നെ സന്ദർശി​ച്ച് മടങ്ങവേയാണ് പനങ്ങാട് ഫി​ഷറീസ് സർവകലാശാലയുടെ ഗ്രൗണ്ടി​നെ സമീപിക്കവേയാണ് തകരാർ സംഭവിച്ചത്. പെട്ടെന്ന് മഴ പെയ്തതും കാറ്റടി​ച്ചതും പ്രതികൂലമായെങ്കിലും ഹെലി​കോപ്റ്റർ അറുന്നൂറു മീറ്ററോളം മാറി ചതുപ്പിൽ ഇറക്കുകയായിരുന്നു. ചതുപ്പുനിലമായതിനാൽ ഇടിച്ചുനിൽക്കുന്നതിന്റെ ആഘാതം കുറയ്ക്കാൻ കഴിഞ്ഞു. എമർജൻസി വാതിലിലൂടെയാണ് എല്ലാവരും പുറത്തിറങ്ങിയത്.