'അദ്ദേഹം നന്നായി അറബി സംസാരിക്കും'; യു എ ഇ കോൺസുലേറ്റുമായുളള സർക്കാരിന്റെ പാലം ജലീലാണെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: ഇത്തവണ എൻ ഡി എയ്‌ക്ക് ഉറച്ച പ്രതീക്ഷയാണ് സംസ്ഥാനത്ത് ഉളളതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരള രാഷ്ട്രീയത്തിൽ വളരെ നിർണായക സ്ഥാനത്തേക്ക് വരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മുന്നണികൾക്കെതിരെയും ശക്തമായ ബദൽ ഉയർന്നുവന്നിടത്തെല്ലാം തങ്ങളെ പിന്തുണയ്‌ക്കാൻ ജനങ്ങൾ തയ്യാറായിട്ടുണ്ട്. ബി ജെ പി ഇരട്ട അക്കത്തിലേക്ക് എത്താൻ സാദ്ധ്യതയുണ്ടെന്നും സുരേന്ദ്രൻ പ്രത്യാശ പ്രകടിപ്പിച്ചു.
ഇടത് വലത് മുന്നണികൾക്ക് പ്രതീക്ഷിച്ചതുപോലുളള മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. തൂക്കുമന്ത്രിസഭ ഉണ്ടാകാനാണ് സാദ്ധ്യത. തൂക്കുസഭ വന്നാൽ ആരെയും പിന്തുണയ്‌ക്കില്ല. തൂക്ക് സഭ വന്നാൽ മുന്നണികളെ ശിഥിലമാക്കുകയാണ് ലക്ഷ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇ പി ജയരാജന് കിട്ടാത്ത ആനുകൂല്യമാണ് കെ ടി ജലീലിന് കിട്ടുന്നത്. ഇത് സി പി എമ്മിനകത്ത് രാഷ്ട്രീയ പ്രശ്‌നമായി ഉയർന്നു കഴിഞ്ഞു. ജലീലാണ് യു എ ഇ കോൺസുലേറ്റുമായുളള സർക്കാരിന്റെ പാലം. ജലീൽ നന്നായി അറബി സംസാരിക്കും. യു എ ഇ കോൺസുലേറ്റിൽ അദ്ദേഹത്തിന് വഴിവിട്ട ബന്ധങ്ങളുണ്ട്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുമായി ചേർന്നാണ് കഴിഞ്ഞ നാല് കൊല്ലമായി തട്ടിപ്പ് നടത്തുന്നത്. എല്ലാത്തിന്റെയും പാലമാണ് ജലീൽ. അതിനാലാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇരട്ടത്താപ്പ് നടത്തുന്നത്. ഇ പി ജയരാജനോട് കാണിച്ച സമീപനം കെ ടി ജലീലിനോട് കാണിക്കാൻ കഴിയാതെ വന്നിരിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.