പൊതുപരിപാടികൾക്ക് നിയന്ത്രണം, സദ്യ പാക്കറ്റുകളിൽ മതി, കടകൾ ഒമ്പത് മണിക്ക് മുമ്പ് അടയ്ക്കണം; സംസ്ഥാനം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്

Monday 12 April 2021 5:33 PM IST

തിരുവനന്തപുരം: കൊവിഡ് സാഹചര്യം കടുത്തുവരുന്ന വേളയിൽ സംസ്ഥാനം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്. പൊതുപരിപാടികളിൽ പരമാവധി ഇരുന്നൂറ് പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ എന്നും രാത്രി ഒമ്പത് മണിക്ക് മുമ്പ് കടകൾ അടയ്ക്കണമെന്നും സംസ്ഥാന സർക്കാർ നിർദ്ദേശിച്ചു. അടച്ചിട്ട മുറികളിൽ നടക്കുന്ന പൊതുപരിപാടികളിൽ നൂറ് പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂ എന്ന നിർദ്ദേശവുമുണ്ട്.

കൂടുതൽ ആളുകളെ പരിപാടികളിൽ പങ്കെടുപ്പിക്കണം എന്ന് നിർബന്ധമുണ്ടെങ്കിൽ ആർടി-പിസിആർ പരിശോധന നടത്തി നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് ഇവർ കൈയ്യിൽ കരുതിയിരിക്കണം. അല്ലെങ്കിൽ കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകളും ഇവർ സ്വീകരിച്ചിട്ടുണ്ടാകണം.

വിവാഹം ഉൾപ്പെടെയുള്ള പൊതുപരിപാടികളിൽ സദ്യ പാടില്ലെന്നും ഭക്ഷണം പാക്കറ്റുകളിൽ നൽകിയാൽ മതിയെന്നും സർക്കാർ നിർദ്ദേശിക്കുന്നു. ഏറെ അടിയന്തരമല്ലാത്ത ചികിത്സകൾക്ക് ആശുപത്രികളിലേക്ക് നേരിട്ട് പോകേണ്ടതില്ല. ആശുപത്രികളിലെ തിരക്ക് ഒഴിവാക്കാനായി ഓൺലൈൻ ചികിത്സാ സൗകര്യമായ 'ഇ-സജ്ഞീവനി'ക്ക് പ്രോത്സാഹനം നല്കണമെന്നുള്ള നിർദ്ദേശവും വന്നിട്ടുണ്ട്.

അതേസമയം, പൊതുപരിപാടികളുടെ സമയപരിധി രണ്ട് മണിക്കൂർ നേരമാക്കി നിജപ്പെടുത്തിയിട്ടുമുണ്ട്. ഹോട്ടലുകളിൽ ഒരു സമയം പരമാവധി 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. സംസ്ഥാനത്ത് മെഗാ ഷോപ്പിംഗ് ഫെസ്റ്റിവലുകളും വിൽപ്പന മേളകളും നിരോധിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാനത്ത് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനം വന്നത്.

content highlight: covid restrictions in effect again in kerala.