അണ്ടൂർ മേൽക്കുളങ്ങര - പൊലിക്കോട് റൂട്ടിൽ ട്രാൻസ്. ബസ് സർവീസില്ല, യാത്രക്കാർ ദുരിതത്തിൽ

Tuesday 13 April 2021 12:56 AM IST

കൊട്ടാരക്കര: അണ്ടൂർ മേൽക്കുളങ്ങര പൊലിക്കോട് റൂട്ടിൽ ബസ് സർവീസ് ഇല്ലാത്തതിനാൽ യാത്രക്കാർ ദുരിതത്തിൽ. ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിലെ ജനങ്ങൾ കഴിഞ്ഞ പത്തുവർഷമായി ബസ് സർവീസ് ഇല്ലാത്തതിനാൽ കടുത്ത യാത്രാ ക്ളേശമാണ് അനുഭവിക്കുന്നത്. അണ്ടൂർ മേൽക്കുളങ്ങര പ്രദേശവാസികൾക്ക് കൊട്ടാരക്കര, വാളകം, ആയൂർ, ഉമ്മന്നൂർ എന്നിവിടങ്ങളിലേക്ക് പോകണമെങ്കിൽ കാൽനട യാത്രയാണ് ശരണം. എത്രയും വേഗം കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

1987ൽ ആർ. ബാലകൃഷ്ണപിള്ള ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് അണ്ടൂർ മേൽക്കുളങ്ങര വഴി തിരുവനന്തപുരത്തേക്കും കൊട്ടാരക്കര നെല്ലിക്കുന്നം പൊലിക്കോട് വഴി ചണ്ണപ്പേട്ടയ്ക്കും ചടയമംഗലത്തു നിന്ന് ആയൂർ പൊലിക്കോട് അണ്ടൂർ നെല്ലിക്കുന്നം വഴി കൊട്ടാരക്കരയ്ക്കും

ബസ് സർവീസുകൾ ആരംഭിച്ചിരുന്നു. താരതമ്യേനെ നഷ്ടമില്ലാതെ ഒാടിയിരുന്ന ബസ് സർവീസുകൾ അണ്ടൂർ മേൽക്കുളങ്ങര പൊലിക്കോട് റോഡ് തക‌ർന്നതോടെയാണ് നിലച്ചത്.

റോഡ് നന്നാക്കി, ഇനി സർവീസ് തുടങ്ങണം

പത്തുവർഷത്തോളമായി തകർന്നു കിടന്ന അണ്ടൂർ മേൽക്കുളങ്ങര പൊലിക്കോട് റോഡ് രണ്ടുമാസം മുമ്പ് അഡ്വ. ഐഷാപോറ്റി എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്ന് അനുവദിച്ച 35 ലക്ഷം രൂപ ചെലവഴിച്ച് ടാറിംഗ് നടത്തി ഗതാഗത യോഗ്യമാക്കിയിരുന്നു. ഈ റോഡിലൂടെ മുൻപ് ഉണ്ടായിരുന്ന ബസ് സർവീസുകൾ പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.

ശാഖാ ഭാരവാഹികളുടെ നിവേദനം

യാത്രാദുരിതം അവസാനിപ്പിക്കാൻ കെ.എസ്.ആർ.ടി.സിയുടെ കൊട്ടാരക്കര, ആയൂർ ഡിപ്പോകളിൽ നിന്ന് ഇതുവഴി ബസ് സർവീസുകൾ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം മേൽക്കുളങ്ങര 633-ാം നമ്പർ ശാഖാ പ്രസിഡന്റ് കെ. പ്രഭാകരനും സെക്രട്ടറി ശശാങ്കനും ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി.