'ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നുന്നത് ഇപ്പോഴാണ്'; കെ എം ഷാജിയെ ട്രോളി പി വി അൻവർ
തിരുവനന്തപുരം: കെ.എം. ഷാജി എം.എൽ.എയുടെ വീട്ടിൽ നിന്നും വിജിലൻസ് അരക്കോടി രൂപയോളം പിടിച്ചെടുത്തതിനെ ട്രോളി നിലമ്പൂർ എം.എൽ.എ പി.വി. അൻവർ. ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നുന്നത് ഇപ്പോഴാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഇ.ഡി പരിശോധന നടത്തിയപ്പോൾ വയനാട്ടിൽ ഇഞ്ചി കൃഷിയുണ്ടെന്ന ഷാജിയുടെ പരാമർശത്തെ പരിഹസിച്ചാണ് അൻവറിന്റെ ട്രോൾ.
ഷാജിയെ അനുകൂലിച്ച് കൊണ്ടുളള യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെയും അൻവർ പരിഹസിച്ചു. വീട്ടിൽ വിജിലൻസ് റെയ്ഡ്, വീട്ടുകാരൻ കൂളായി ചായ കുടിക്കുന്നു. ഇതു കൊണ്ടാണ് ഷാജിയെ ആളുകൾ പോരാളിയെന്ന് വിളിക്കുന്നതും, കെ.ടി. ജലീലിനെ പരിഹസിക്കുന്നതും.... അവസാനം ക്ലൈമാക്സിൽ എത്തിയപ്പോൾ 'ഷാജി പോരാളിയെ'കണ്ട് സേതുരാമയ്യറിലെ 'ടെയ്ലർ മണിയേ'ഓർത്തത് ഞാൻ മാത്രമാണോ എന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം അൻവർ മറ്റൊരു പോസ്റ്റിൽ ചായ കുടിക്കുന്ന ചിത്രത്തിനൊപ്പം 'ഇഞ്ചിയിട്ട ചായ' എന്ന അടിക്കുറിപ്പും ചേർത്തിട്ടുണ്ട്.
എന്നാൽ വിജിലൻസ് പിടിച്ചെടുത്ത പണത്തിന് രേഖയുണ്ടെന്നാണ് ഷാജിയുടെ അവകാശവാദം. അദ്ദേഹം രേഖകൾ ഹാജരാക്കാൻ ഒരുദിവസത്തെ സമയം വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ ഷാജി കൈപ്പറ്റിയെന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭൻ വിജിലൻസിന് പരാതി നൽകിയിരുന്നു. നേരത്തെ എം.എൽ.എയുടെ സാമ്പത്തിക സ്രോതസ് കണ്ടെത്താൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു